കൊല്ലം | ബെംഗളൂരുവിൽനിന്ന് കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിലായി. കേരളപുരം മാമൂട് അനസ് മൻസിലിൽ ആഷിക് (22),കൊറ്റങ്കര വേലങ്കോണം പുത്തൻകുളങ്ങര ജസീലാ മൻസിലിൽ അൻവർ (20) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. ക്രിസ്മസ്-പുതുവത്സരാേഘാഷങ്ങൾക്ക് മുന്നോടിയായി ലഹരിവ്യാപാര സംഘങ്ങളെ പിടികൂടുന്നതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കർബല ജങ്‌ഷനിൽ കൊല്ലം എ.സി.പി. ഷെരീഫിന്‍റെ മേൽനോട്ടത്തിൽ പോലീസ് തിരച്ചിൽ നടത്തവെയാണ് റെയിൽവേ നടപ്പാലത്തിന് സമീപത്തുനിന്നു ആഷിക്കും അൻവറും പിടിയിലായത് .ബെംഗളൂരുവിൽനിന്ന് എം.ഡി.എം.എ.യുമായി ടൂറിസ്റ്റ് ബസിൽ ആലപ്പുഴയിൽ വന്നിറങ്ങി അവിടനിന്ന് തീവണ്ടിയിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം ആവശ്യക്കാരെ കാത്തുനിൽക്കുകയായിരുന്നു. മയക്കുമരുന്ന് വിറ്റുകിട്ടുന്ന പണംകൊണ്ട് പ്രതികൾ ആർഭാട ജീവിതം നയിച്ചുവരുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ, എസ്.ഐ.മാരായ ഷബ്ന, സവിരാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
