കൊല്ലം | തിരഞ്ഞെടുപ്പു നടപടികൾ നിരീക്ഷിക്കാനും വാഹനങ്ങൾ പരിശോധിക്കാനുമുള്ള സ്റ്റാറ്റിക് സർവൈലൻസ് ടീമിന് (എസ്എസ്ടി) മതിയായ സൗകര്യങ്ങളില്ലെന്ന് പരാതി. ടാർപോളിൻ തണലിലാണ് കൊടുംചൂടിൽ ഈ സംഘം സേവനം ചെയ്യുന്നത്. മേലുദ്യോഗസ്ഥർക്കു പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ലെന്നും ചില ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയപാത ഉൾപ്പെടെയുള്ള റോഡുകളുടെ വശങ്ങളിലാണ് സംഘം പരിശോധിക്കാൻ ഇരിക്കുന്നത്. 24 മണിക്കൂർ പരിശോധന നടത്തണമെന്നാണ് ആവശ്യം. ചിലർ വാഹനം പരിശോധിക്കാൻ സമ്മതിക്കാറില്ല. വാഹനങ്ങളുടെ ബൂട്ട് ഉൾപ്പെടെയുള്ളവ തുറന്നു പരിശോധിക്കാൻ അനുവദിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. എന്നാൽ, പലരും അതിനു തയാറാകുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പരാതിപ്പെടുന്നത്.
പരിശോധനയിൽ സഹകരിക്കാത്തവരുടെ പേരിൽ മേലുദ്യോഗസ്ഥരോടു പരാതിപ്പെട്ടാലും നടപടിയുണ്ടാകുന്നില്ല. ഇത്തരത്തിലുള്ളവരുടെ വാഹനങ്ങൾ പിടിച്ചെടുക്കണമെന്നാണ് ചട്ടം. എന്നാൽ, പരിശോധിക്കുന്ന ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കി അവർ വാഹനവുമായി കടന്നു കളയും. ഇത്തരക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ടാലും കാര്യമായ പ്രതികരണമില്ലെന്നും ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു. എസ്എസ്ടിക്കു സമാനമായ ജോലിയാണ് മൊബൈൽ ഫ്ലയിങ് സ്ക്വാഡ് ചെയ്യുന്നതെങ്കിലും ഒരിടത്തു മാത്രം വെയിലത്ത് ഇരിക്കേണ്ട ബുദ്ധിമുട്ട് മൊബൈൽ ടീമിനില്ലെന്നും വിലയിരുത്തുന്നു. ഒരു നിയമസഭ നിയോജക മണ്ഡലത്തിൽ 3 ടീം എന്ന നിലയിൽ ജില്ലയിൽ 33 സ്റ്റാറ്റിക് സർവൈലൻസ് ടീമുണ്ട്.
സ്ത്രീകൾക്ക് ഏറെ ബുദ്ധിമുട്ട്
എസ്എസ്ടിയിൽ സേവനം ചെയ്യുന്ന വനിതാ ഉദ്യോഗസ്ഥർക്ക് സുരക്ഷാ സംവിധാനമില്ലെന്നതാണ് മറ്റൊരു പരാതി. രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്ന് പ്രധാന ആവശ്യം. പലയിടത്തും അധ്യാപികമാർക്കാണ് പരിശോധനയുടെ ചുമതല. പകലും രാത്രിയിലുമായി 12 മണിക്കൂർ വീതമാണ് ഡ്യൂട്ടി. ചെക്ക് പോസ്റ്റുകളിൽ നിന്നും ദൂരത്തിലാണ് ശുചിമുറി സംവിധാനം പോലും. തനിയെ രാത്രിയിൽ സഞ്ചരിക്കേണ്ടി വരുന്നു. വിജനമായ മേഖലകളിലാണ് ഏറെ ചെക്ക് പോസ്റ്റുകളും. ആയുധങ്ങൾ പോലും നൽകാതെയാണ് പൊലീസിനെയും വിന്യസിച്ചതെന്നാണ് പരാതി.
എസ്എസ്ടി
∙ ചട്ടം അനുസരിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഒരു നിയമസഭാ നിയോജകമണ്ഡലത്തിൽ കുറഞ്ഞത് 3 സ്റ്റാറ്റിക് സർവൈലൻസ് ടീമിനെ നിയോഗിക്കണം. ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേട്ടും പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് സംഘം. പ്രശ്ന സാധ്യതയുളള മേഖലകളിൽ കേന്ദ്ര പൊലീസ് സേനയിലെ ഉദ്യോസ്ഥരെയും നിയോഗിക്കാം. ജില്ലയിൽ 33 സ്റ്റാറ്റിക് സർവൈലൻസ് സംഘമുണ്ട്.
∙ അനധികൃതമായി പണം, മദ്യം, വോട്ടർമാരെ സ്വാധീനിക്കാനുള്ള വസ്തുക്കൾ തുടങ്ങിയ കടത്തുന്നതായി കണ്ടെത്തിയാൽ വാഹനം പിടിച്ചെടുക്കാം. ഇത്തരത്തിലുള്ള നടപടി ഐപിസി 171, ജനപ്രാതിനിധ്യ നിയമം 123 എന്നീ വകുപ്പുകളുടെ ലംഘനമാണ്. ഈ കുറ്റത്തിന് തടവും പിഴയും ശിക്ഷയായി ലഭിക്കാം. പരിശോധനയോടു സഹകരിക്കാത്തവർക്ക് എതിരെയും സമാനമായി കേസുകൾ ഈ സംഘത്തിന് റജിസ്റ്റർ ചെയ്യാം.
∙ എല്ലാം പരിശോധനയും എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ നടത്തണമെന്നും അതു കൃത്യമായി വിഡിയോയിൽ പകർത്തണമെന്നും ചട്ടമുണ്ട്. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ വിനയത്തോടെ മാത്രം പൊതു ജനങ്ങളോട് ഇടപെടണമെന്നും ചട്ടത്തിൽ നിഷ്കർഷിച്ചിട്ടുണ്ട്.
∙ സ്ഥാനാർഥിക്കും അദ്ദേഹത്തിന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ട്രഷറർ നിയോഗിക്കുന്ന ആളിനോ 50000 രൂപയിൽ കൂടുതൽ തുകയുമായി യാത്ര ചെയ്യാം. കൂടാതെ, 10000 രൂപ മൂല്യമുള്ള വസ്തുക്കളുടെ വാഹനത്തിൽ കരുതാം. അതിനായുള്ള ട്രഷററുടെ സർട്ടിഫിക്കറ്റ് പരിശോധനാ സമയത്ത് ഹാജരാക്കണം. ഏത് ആവശ്യത്തിനാണ് വിനിയോഗിക്കുന്നതെന്നും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കണം.
∙ താര പ്രചാരകർക്ക് അവരുടെ ആവശ്യത്തിനായി ഒരു ലക്ഷം രൂപ വരെ കൊണ്ടു നടക്കാം. അനധികൃതമായി കൂടുതൽ തുക കണ്ടെത്തിയാൽ ആദായ നികുതി വകുപ്പിനെ ഉടനടി വിവരം അറിയിക്കണം.
∙ ഓരോ ടീമിന്റെയും അതത് ദിവസത്തെ റിപ്പോർട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്ക് സമർപ്പിക്കണം. ടീമിന്റെ ഇടപെടൽ സംബന്ധിച്ച പരാതികൾ ജില്ലാ ഡപ്യൂട്ടി തിരഞ്ഞെടുപ്പ് ഓഫിസർക്ക് സമർപ്പിക്കാം.
