മാവടി ക്ഷേത്രത്തിലെ വഞ്ചികൾ മോഷ്ടിച്ച യുവതിയും ഭർത്താവും പിടിയിൽ.

Published:

പുത്തൂർ  |  പട്ടാപ്പകൽ ബൈക്കിൽ എത്തി മാവടി പുനരൂർകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ 3 വഞ്ചികൾ ബാഗിൽ ഒളിപ്പിച്ചു മോഷ്ടിച്ചു കൊണ്ടുപോയ യുവതിയും ഭർത്താവും പൊലീസ് പിടിയിലായി. കായംകുളം കൃഷ്ണപുരം കാപ്പിൽമേക്ക് ആഞ്ഞിലിമൂട്ടിൽ കിഴക്കതിൽ മുഹമ്മദ് അൻവർഷ (25), ഭാര്യ സരിത (27) എന്നിവരാണു പിടിയിലായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇവർ കൊട്ടിയത്തെ ലോഡ്ജിലുണ്ടെന്ന് ബോധ്യപ്പെട്ട പുത്തൂർ പൊലീസ്, സിറ്റി പൊലീസ് സ്ക്വാഡിന്റെയും കൊട്ടിയം പൊലീസിന്റെയും സഹായത്തോടെയാണ് മോഷ്ടാക്കളെ വലയിലാക്കിയത്. ലോഡ്ജുകളിൽ തങ്ങി ക്ഷേത്ര വഞ്ചികൾ മോഷ്ടിക്കുന്നതാണ് പതിവ്. പ്രതികളെ മാവടിയിൽ എത്തിച്ചു തെളിവെടുത്തു. 3,000 രൂപയാണ് വഞ്ചികളിൽ നിന്നു കവർന്നത്.

ഈ വർഷം ഫെബ്രുവരി 26ന് ആയിരുന്നു മോഷണം. ഭർത്താവിന് ഒപ്പം ബൈക്കിൽ എത്തിയ സരിത വഞ്ചികൾ കവരുകയായിരുന്നു. പൂട്ടുപൊളിച്ചു പണം എടുത്ത ശേഷം വഞ്ചികൾ ഒരു കിലോമീറ്ററിനപ്പുറം റബർ തോട്ടത്തിൽ ഉപേക്ഷിച്ചു.ഒട്ടേറെ മോഷണ കേസുകളിൽ ഇവർ പ്രതിയാണ്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടു ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഉടനെയാണ് മാവടിയിലെത്തി മോഷണം നടത്തിയത്. ക്ഷേത്രത്തിലെ സിസിടിവിയിൽ മോഷണ ദൃശ്യം പതിഞ്ഞിരുന്നു.പുത്തൂർ എസ്ഐ ബാലു ബി.നായർ, എഎസ്ഐ സന്തോഷ് കുമാർ, എസ്‌സിപിഒ കെ.സജു, സിപിഒ ശ്യാംകുമാർ, ഡബ്ല്യുസിപിഒ ശ്യാമ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്.

Related articles

Recent articles

spot_img