പുനലൂര്‍: ജനവാസ മേഖലയായ തെന്മല ജംഗ്ഷനെ ഭീതിയിലാഴ്ത്തി കാട്ടുപോത്തുകള്‍ കൂട്ടത്തോടെയെത്തി. ചൊവ്വാഴ്ച രാവിലെ തെന്മല തടി ഡിപ്പോയ്ക്ക് സമീപമുള്ള റബര്‍ എസ്റ്റേറ്റിലാണ് പത്തോളം കാട്ടുപോത്തുകള്‍ എത്തിയത്.ഒരു മണിക്കൂറോളം മേഞ്ഞുനടന്ന ശേഷമാണ് ഇവ മടങ്ങിയത്.
ശെന്തുരുണി വന്യജീവി കേന്ദ്രത്തില്‍ നിന്നാണ് കാട്ടുപോത്തുകള്‍ എത്തിയതെന്ന് കരുതുന്നു. ആറുമാസം മുമ്ബും പ്രദേശത്ത് കാട്ടുപോത്തുകള്‍ എത്തിയിരുന്നു. നാശനഷ്ടങ്ങള്‍ വരുത്താതെയും ജനങ്ങള്‍ക്ക് നേരെ തിരിയാതെയും മടങ്ങുകയായിരുന്നു. തെന്മല ഡാം പ്രദേശത്തില്‍ നിന്ന് വെള്ളം കുടിക്കാനായി കാട്ടാനകളും വേനല്‍ക്കാലങ്ങളില്‍ എത്താറുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുപോത്തുകള്‍ മനുഷ്യരെ ആക്രമിച്ച് കൊലപ്പെടുത്തിയതോടെയാണ് ജനങ്ങള്‍ കൂടുതല്‍ ഭീതിയിലായത്.
വനാതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥാപിച്ച് വേലികള്‍ പൊളിഞ്ഞതിനെ തുടര്‍ന്നാണ് കാട്ടുപോത്തുകള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നതെന്ന് താമസക്കാര്‍ പറയുന്നു. വിവരമറിഞ്ഞ് വനം വകുപ്പ് സംഘം സ്ഥലത്തെത്തി. എന്നാല്‍ കാട്ടുപോത്ത് അടക്കമുള്ള വന്യമൃഗങ്ങള്‍ കാടിറങ്ങിയെത്തുന്നത് ശാശ്വതമായി നിയന്ത്രിക്കാൻ നടപടികള്‍ ഉണ്ടാകാത്തതില്‍ മലയോര മേഖലയിലെ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. പ്രദേശത്തെ റബര്‍ എസ്റ്റേറ്റുകളില്‍ പുലര്‍കാലങ്ങളില്‍ ടാപ്പിംഗ് തൊഴിലാളികള്‍ ഭീതിയോടെയാണ് ജോലിയെടുക്കുന്നത്.
