കൊട്ടാരക്കര | താലൂക്ക് ആശുപത്രിയിലെ ജലക്ഷാമം പരിഹരിക്കാൻ കുഴൽക്കിണർ നിർമിക്കാൻ ഫണ്ടും അനുമതിയും ലഭിച്ചിട്ടും കിണറിനുള്ള സ്ഥലം കണ്ടെത്തിയില്ല.
അടിയന്തരമായി സ്ഥലം കണ്ടെത്തി നൽകണമെന്നുകാട്ടി ഭൂജലവകുപ്പ് ജില്ലാ ഓഫീസർ കൊട്ടാരക്കര നഗരസഭയ്ക്ക് കത്തു നൽകി. പദ്ധതി നടപ്പാക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും പ്രവൃത്തി റദ്ദുചെയ്ത് തുക തിരികെ വാങ്ങുകയോ അല്ലെങ്കിൽ സ്ഥലം
കണ്ടെത്തുകയോ വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
മഴക്കാലത്തുപോലും ജലക്ഷാമമുള്ള താലൂക്ക് ആശുപത്രിയിൽ ഇപ്പോഴും പുറത്തുനിന്ന് വെള്ളം പണംനൽകി വാങ്ങുന്നു.
വേനൽക്കാലത്ത് 22,000 ലിറ്ററും മഴക്കാലത്ത് 17,000 ലിറ്ററും വെള്ളമാണ് ആശുപത്രിയിലെ ശരാശരി പ്രതിദിന ജല ഉപഭോഗം.
മതിയായ ജലസ്രോതസ്സുകളില്ലാത്തതിനാൽ പണം നൽകി ജലം വാങ്ങേണ്ടിവരുന്നു. ഇതിനു പരിഹാരമായാണ് കുഴൽക്കിണർ നിർമാണത്തിന് പദ്ധതിയിട്ടത്.
നിലവിൽ ഒരു കുഴൽക്കിണറുണ്ടെങ്കിലും ഇതിൽ വെള്ളമില്ല. ഭൂ ജലവകുപ്പിന്റെ കത്ത് കഴിഞ്ഞ ദിവസം കൗൺസിൽ യോഗം ചർച്ച ചെയ്തു.
പദ്ധതി റദ്ദാക്കരുതെന്നും അടിയന്തരമായി സ്ഥലം കണ്ടെത്തി നൽകണമെന്നും പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു.
പുറത്തുനിന്ന് വെള്ളം എത്തിക്കുന്നതിനു പിന്നിലെ സാമ്പത്തിക ഇടപാടുകൾ തുടരാൻ ബോധപൂർവം പദ്ധതി അട്ടിമറിക്കുകയാണെന്ന് കൗൺസിലർ ഗിരീഷ് ആരോപിച്ചു.
ബഹുനിലക്കെട്ടിടങ്ങൾ നിർമിക്കുന്നതുൾപ്പെടെ വലിയ വികസന പദ്ധതികളാണ് ആശുപത്രിയിൽ നടക്കുന്നത്.
ഭാവി ആവശ്യങ്ങൾകൂടി കണക്കിലെടുത്ത് അടിയന്തരമായി കുഴൽക്കിണർ നിർമാണത്തിന് നടപടികളെടുക്കണമെന്നും ആവശ്യമുണ്ട്.
എവിടെ കുഴിക്കും…? താലൂക്ക് ആശുപത്രിയിൽ കുഴൽക്കിണറിന് സ്ഥലമില്ല
