കൊട്ടാരക്കര | തിരഞ്ഞെടുപ്പു പ്രചാരണ ചൂടിൽ കൊട്ടാരക്കര. സ്ഥാനാർഥികളുടെ സ്വീകരണ പരിപാടികൾക്കൊപ്പം താഴെത്തട്ടിലും പ്രചാരണം മുന്നണികൾ ശക്തമാക്കി. ജനകീയ നേതാക്കളെയും മന്ത്രിമാരെയും കുടുംബയോഗങ്ങളിലെത്തിക്കാനുള്ള ശ്രമവും എല്ലാവരും തുടങ്ങിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനു വേണ്ടി ചാണ്ടി ഉമ്മൻ എംഎൽഎ 3 കുടുംബയോഗങ്ങളിൽ പ്രസംഗിച്ചു. ഉമ്മൻ ചാണ്ടിയുടെമകൾ അച്ചു ഉമ്മനും ഇവിടെ എത്തും. കൊടിക്കുന്നിൽ സുരേഷിനു 15നാണ് കൊട്ടാരക്കര നിയോജകമണ്ഡലത്തിൽ അടുത്ത സ്വീകരണം. കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ദേശീയ നേതാക്കളും കൊട്ടാരക്കരയിൽ എത്തുന്നുണ്ട്. ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, പ്രിയങ്കാ ഗാന്ധി എന്നിവർ എത്തുമെന്നാണു സൂചന. താഴെത്തട്ടിൽ സ്ക്വാഡ് വർക്കുകളും സജീവമാണ്.
എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺകുമാറിന്റെ പ്രചാരണവും ശക്തമായി മുന്നേറുന്നുണ്ട്. കൊട്ടാരക്കരയിലെ സ്വീകരണ പരിപാടികൾ 16നു സമാപിക്കും. കരീപ്ര, എഴുകോൺ, നെടുവത്തൂർ, കോട്ടാത്തല, കൊട്ടാരക്കര ടൗൺ എന്നിവിടങ്ങളിലാണു സ്വീകരണം. താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കി കോർണർ യോഗങ്ങളും കുടുംബയോഗങ്ങളും മഹിളാ സംഗമങ്ങളും ആരംഭിച്ചു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സി.എസ്.സുജാത എന്നിവർ വിവിധ യോഗങ്ങളിൽ പങ്കെടുക്കും. 20നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കൊട്ടാരക്കരയിൽ പ്രസംഗിക്കും.
എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയുടെ സ്വീകരണ പരിപാടികളും പുരോഗമിക്കുന്നു. 16ന് രണ്ടാം ഘട്ട സ്വീകരണയോഗം നടക്കും. താഴെത്തട്ടിലും പ്രചാരണം ശക്തമാണ്. പ്രചാരണത്തിനായി കേന്ദ്ര മന്ത്രി രാജ്നാഥ് സിങ് എത്തുമെന്നാണു വിവരം.
ക്രമീകരണങ്ങൾ വിലയിരുത്തി
പുനലൂർ | ലോക്സഭാ തിരഞ്ഞെടുപ്പിലെ കേന്ദ്ര പൊതുനിരീക്ഷകൻ അരവിന്ദ് പാൽ സിങ് സന്ധുവും ഉദ്യോഗസ്ഥരും കിഴക്കൻ മേഖലയിൽ പര്യടനം നടത്തി ക്രമീകരണങ്ങൾ വിലയിരുത്തി. പുനലൂരിൽ അവലോകന യോഗം നടത്തുകയും വിവിധ പോളിങ് സ്റ്റേഷനുകൾ പരിശോധിക്കുകയും ചെയ്തു. ആര്യങ്കാവ് ചെക്പോസ്റ്റിലും ഇവിടെയുള്ള പോളിങ് ബൂത്തുകളിലും ക്രമീകരണങ്ങൾ പരിശോധിച്ചു. ഭിന്നശേഷി വോട്ടർമാർക്കുള്ള ക്രമീകരണങ്ങളും വിലയിരുത്തി. തിരഞ്ഞെടുപ്പിന്റെ ചെലവു സംബന്ധിച്ച നിരീക്ഷകൻ ഡോ. വെങ്കിടേഷ് അടക്കമുള്ള ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടായിരുന്നു.
