കുണ്ടറ | സ്റ്റാർച്ച്മുക്ക് മുതൽ കൈതാകോടി വരെയുള്ള പി.ഡബ്യൂ.ഡി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം വെള്ളിമൺ ദിലീപ് ആവശ്യപ്പെട്ടു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന റോഡ് മണ്ണ്മാന്തി ഉപയോഗിച്ച് പൊളിച്ച് മെറ്റൽ പാകിയിട്ട് ഒരു വർഷത്തോളമായി. നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ കാൽനടയാത്ര പോലും ദുസ്സഹമാണ്. നൂറ് കണക്കിന് ആളുകൾ അധിവസിക്കുന്ന കൈതാകോടിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവ്വീസ് നിർത്തിവെച്ചു. ഇതോടെ യാത്രാക്ലേശം വർധിച്ചു. തകർന്ന് കിടക്കുന്ന റോഡിലൂടെ ഓട്ടോറിക്ഷകൾ വരാൻ തയ്യാറാകാത്തതും സ്ത്രീകളും കുട്ടികളുമടക്കം പൊതുജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ടൂ വീലറിലോ കാൽനടയായോ പോലും പോകാൻ പറ്റാത്ത അവസ്ഥയാണ്. അനുദിനം അപകടങ്ങൾ വർധിച്ചുവരികയാണ്. ഈ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് വൻതുക കണ്ടെത്തേണ്ടെത്തേണ്ട അവസ്ഥയാണ്. രോഗികൾ ഉൾപ്പെടെ അനുഭവിക്കുന്ന യാത്രാക്ലേശം അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും പരിഹരിക്കുവാൻ തയ്യാറായിട്ടില്ല. രണ്ട് കോടി ചെലവിൽ നിർമാണച്ചുമതല ഏറ്റെടുത്ത കോൺട്രാക്ടർ വരുത്തിവെച്ച കാലതാമസം മുൻനിർത്തി കോൺട്രാക്ടറെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം. അടിയന്തിരമായി പ്രദേശത്തെ യാത്രാക്ലേശത്തിന് അധികൃതരുടെ ഭാഗത്തുനിന്നും സത്വര നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപി പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്നും വെള്ളിമൺ ദിലീപ് അഭിപ്രായപ്പെട്ടു.
