ഓയൂർ |വെളിയം പഞ്ചായത്ത് കൊട്ടറ വാർഡിലെ തുതിയൂർ -നടുക്കുന്നിൽ നെടുമൺകാവ് റോഡ് തകർന്നു. പത്തുവർഷമായി അറ്റകുറ്റപ്പണി നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഒരുകിലോ മീറ്റർ വരുന്ന റോഡിൽ തകരാൻ ഒരുഭാഗവും ഇല്ലാത്ത സ്ഥിതിയിലാണ്. പല ഭാഗങ്ങളിലും മഴവെ ള്ളം കെട്ടിക്കിടക്കുന്നു. ചെളിയിറങ്ങി പാത മൂടപ്പെട്ടനിലയിലാണ്. ഇതുവഴി ബസ് സർവീസ് ഇല്ലാത്തതിനാൽ ഓട്ടോറിക്ഷയെയാണ് ജനം ആശ്രയിക്കുന്നത്.
റോഡ് തകർന്നതിനാൽ ഓട്ടോറിക്ഷപോലും വിളിച്ചാൽ വരില്ലെന്ന നിലയിലാണ്. ഇരുചക്ര വാഹനയാത്രയും ബുദ്ധിമുട്ടിലാണ്. റോഡിന് ഇരുവശത്തുമായി നൂറിലധികം കുടുംബങ്ങളുണ്ട്. ഇവർക്ക് പ്രധാന പാതയിൽ എത്താനുള്ള ഏകപാത കൂടിയാണിത്. ജില്ലാപഞ്ചായത്തിന്റെയും വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയുടെയും പത്തുലക്ഷം രൂപവീതം അനുവദിച്ചെങ്കിലും തുക കുറവായതിനാൽ ടെൻഡർ എടുക്കാൻ
കരാറുകാർ തയ്യാറായില്ല. മൂന്നുതവണ ടെൻഡർ മുടങ്ങിയതായും പറയുന്നു. എത്രയും പെട്ടെന്ന് കൂടുതൽ തുക വകയിരുത്തി നല്ല നിലവാരത്തിൽ റോഡ് നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
തുതിയൂർ-നെടുമൺകാവ് പാത സഞ്ചാരയോഗ്യമാക്കണം
