കൊട്ടാരക്കര | പെരുങ്കുളം പടിഞ്ഞാറ്റടം ഭാഗത്തേക്കുള്ള നടവഴിക്കു കുറുകേ മരങ്ങൾ കടപുഴകിയിട്ട് ഒരുമാസം കഴിഞ്ഞു. ഇരുപത്തിയഞ്ചോളം കുടുംബങ്ങൾക്ക് പ്രധാന റോഡിലേക്ക് എത്താനുള്ള ഏക മാർഗമാണ് 800 മീറ്റർ നടപ്പാത.
കാൽനടപോലും സാധ്യമല്ലാത്ത തരത്തിൽ വീണുകിടക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല. ആദ്യ ദിവസങ്ങളിൽത്തന്നെ വസ്തു ഉടമയെ പ്രദേശ വാസികൾ വിവരം അറിയിച്ചിട്ടും അനക്കമില്ല. ഇലകളും ചെറുചില്ലകളും ചിലർ മുറിച്ചുമാറ്റിയെങ്കിലും തടി നീക്കംചെയ്തിട്ടില്ല. വയോധികരാണ് ഏറെ വലയുന്നത്. തടികൾക്കു മുകളിലൂടെ കയറിയിറങ്ങേണ്ടിവരുന്നത് വലിയ പ്രയാസമാണ്.
ആശുപത്രി യാത്രകളാണ് ഏറെ ദുരിതം. രോഗികളെ തടികൾക്കിടയിലൂടെ എടുത്തിറക്കേണ്ടിവരുന്നു. കഴിഞ്ഞദിവസം വയോധികയെ ഇത്ത രത്തിൽ എടുത്തിറക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ആളുകൾക്ക് പ്രദേശത്തേക്ക് എത്താനും വഴിമു ടക്കിക്കിടക്കുന്ന മരങ്ങൾ തടസ്സമാകും.
മൂന്നുവർഷം മുൻപും സമാനമായി ഇതേ റോഡിലേക്ക് മരങ്ങൾ വീഴുകയും ഒരുമാസത്തോളം മുറിച്ചുമാറ്റാതെ വഴി തടസ്സപ്പെടുകയും ചെയ്തിരുന്നു.
മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് മരം നീക്കം ചെയ്തത്. പഞ്ചായത്ത്, റവന്യൂ അധികൃതർ വിവരം അറിഞ്ഞിട്ടും നടപടിയുണ്ടാകുന്നില്ല. അടിയന്തരമായി മരങ്ങൾ മുറിച്ചുമാറ്റണമെന്നും വസ്തു ഉടമയ്ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യം ഉയരുന്നു.
പെരുങ്കുളത്ത് വഴിനടക്കാൻ മരംകയറണം; വഴിക്കുകുറുകേ വീണ മരങ്ങൾ ഒരുമാസമായിട്ടും മുറിച്ചുമാറ്റിയില്ല
