ശാസ്താംകോട്ട | നാട്ടിലെ പറമ്പുകളിൽ ജെമന്തിയും (ചെണ്ടുമല്ലി) വാടാമല്ലിയും പൂത്തുലഞ്ഞു. പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട വിളവുകണ്ട് കൃഷിചെയ്തവരുടെ മനം നിറഞ്ഞു. ഓണമല്ലേ പത്തുരൂപ കൈയിലിരിക്കുമല്ലോ എന്ന് പ്രതീക്ഷിച്ചു. വിപണിയിലെ വില കേട്ട് നല്ല സ്വപ്നങ്ങൾ കണ്ടു, ഒടുവിൽ വിപണിയില്ലെന്നറിഞ്ഞപ്പോൾ പൂക്കൃഷി ചെയ്തവരുടെ പ്രതീക്ഷ മങ്ങി.
കുന്നത്തൂർ താലൂക്കിലെ ഏഴു പഞ്ചായത്തുകളിലായി ഇരുനൂറേക്കറോളം സ്ഥലത്ത് ഇത്തവണ പുഷ്പക്ക്യഷി നടത്തിയെന്നാണ് കണക്ക്. കുടുംബശ്രീയും സ്വാശ്രയ വനിതാകൂട്ടായ്മകളുമാണ് കൃഷിയിലേർപ്പെട്ടവരിൽ ഏറെയും. പഞ്ചായത്തും ബ്ലോ ക്ക് പഞ്ചായത്തും പ്രത്യേക പദ്ധതി ആവിഷ്കരിച്ച് തുക വകയിരുത്തി കൃഷിഭവൻവഴിയാണ് കൃഷി നടത്തിയത്. അത്യുത്പാദനശേഷിയുള്ള തൈകൾ കൃഷിവകുപ്പാണ് കർഷകർക്കു നൽകിയത്. പ്രധാനമായും ജമന്തിയും ചിലയിടങ്ങളിൽ വാടാമല്ലിയും കൃഷി
ചെയ്തു. ചെലവും അധ്വാനവും കുറവായതിനാൽ ഇത്തവണ കൂടുതൽ വനിതകൾ കൃഷിയിലേക്ക് കടന്നു. നാലുരൂപയ്ക്ക് തൈ വാങ്ങി വ്യക്തികളും കൃഷിയിറക്കി.
രണ്ടോ മൂന്നോ തരം പൂക്കൾ മാത്രമായതിനാൽ എടുക്കാൻ കഴിയില്ലെന്നും തമിഴ്‌നാട്ടിൽനിന്നു വരുന്നത് ഒഴിവാക്കാൻ പറ്റില്ലെന്നുമുള്ള മറുപടികേട്ട് കർഷകർ മടങ്ങി.
കിട്ടുന്ന വിലയ്ക്ക് നൽകാമെന്നു പറഞ്ഞിട്ടും അവർക്കു വേണ്ടാ. നാട്ടിൻപുറത്ത് ആവശ്യക്കാരും ഇല്ല. കർഷകർ ഉത്പാദിപ്പിക്കുന്ന പൂക്കൾ വാങ്ങാൻ സർക്കാർ തലത്തിലും സംവിധാനമായില്ല. വിലയില്ലായ്മയും എടുക്കാൻ ആളില്ലാത്തതുംമൂലം കർഷകരുടെ ഓണക്കാല പ്രതീക്ഷകൾക്ക് മങ്ങലേറ്റു. നിലവിൽ തമിഴ്‌നാട്ടിൽനിന്നു വരുന്ന കുറഞ്ഞ ജമന്തിക്ക് എഴുപതും ഒന്നാംതരത്തിന് മുന്നൂറും രൂപയാണ് കഴിഞ്ഞ ദിവസങ്ങളിലെ വിപണിവില. വാടാമല്ലിക്ക് 150 രൂപ. പകുതിവില കിട്ടിയാലും കൊടുക്കാൻ തയ്യാറാണ് നാട്ടിലെ കർഷകർ.
ഇടയ്ക്കു പെയ്ത മഴയും കാലാവസ്ഥയും അനുകൂലമായതോടെ ചെടികൾ പൂത്തുലഞ്ഞു. എന്നാൽ വിപണിതേടി പൂക്കടകളിൽ കയ റിയിറങ്ങിയവർ നിരാശരായി.
കച്ചവടക്കാർ എടുക്കുന്നില്ല; ചെടികൾ പൂത്തുലഞ്ഞിട്ടും കർഷകപ്രതീക്ഷകൾ കരിയുന്നു
