പുത്തൂർ | കല്ലും മുള്ളും നിറഞ്ഞ കാട്ടുപാതയെക്കാൾ ദുരിതം ഒളിച്ചുവെച്ചിരിക്കുന്ന ഗ്രാമീണപാത കാണാൻ താത്പര്യമുള്ളവർക്കു നെടുവത്തൂർ പഞ്ചായത്തിലേക്ക് സ്വാഗതം! തേവലപ്പുറം, കരുവായം വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന, രണ്ടു കിലോമീറ്ററോളം നീളമുള്ള കല്ലുംമൂട്-ശാസ്താം കാവ് പാതയാണ് ഈ രീതിയിൽ കുപ്രസിദ്ധി നേടിയത്.
കൊട്ടാരക്കര നിയോജക മണ്ഡലത്തിലെതന്നെ ഏറ്റവും തകർന്ന പാതയാകാം ഇതെന്നു ജനം ചൂണ്ടിക്കാട്ടുന്നു. കൊട്ടാരക്കര പുത്തൂർ പാതയെ, തേവലപ്പു റം- പുത്തൂർ പാതയുമായി ബന്ധിപ്പിക്കുന്ന ഇവിടെ തകരാത്ത ഭാഗങ്ങൾ കണ്ടുപിടിക്കുക ഏറെ പ്രയാസമാകും.
കല്ലുംമൂട് ജങ്ഷനിൽ വലിയ കുഴികളും വെള്ളക്കെട്ടുമാണ് യാത്രികരെ സ്വാഗതം ചെയ്യുന്നത്. മുന്നോട്ടുനീങ്ങിയാൽ പാതയിൽ ടാറിങ് നടന്നതിൻ്റെ ലക്ഷണമേയില്ല. പലയിടത്തുനിന്നായി ഒലിച്ചിറങ്ങിയ മണ്ണ് പാതയിലാകെ നിരന്നും കൂനകൂടിയും കിടക്കുന്നു.
ഉരുളൻ കല്ലുകളും മറ്റും നിറഞ്ഞതാണ് ചില ഭാഗങ്ങൾ. ഇതോടൊപ്പം വലിയ കുഴികളുമുണ്ട്. വെള്ളം കുത്തിയൊഴുകി
ഇരുഭാഗത്തുമുണ്ടായിരിക്കുന്ന കുഴികൾ വേറെയും.
ചെറുവാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ ഏറെ പ്രയാസപ്പെടും. ഓട്ടോ-ടാക്സി വാഹനങ്ങൾ സവാരിക്കു വരാൻ മടിക്കുന്നുമുണ്ട്.
അഞ്ചുവർഷം മുൻപ് എം എൽ.എ.ഫണ്ട് വിനിയോഗിച്ച് ചില അറ്റകുറ്റപ്പണികൾ നടന്നിരുന്നു. എന്നാൽ കരാറുകാർ മടങ്ങിയതിനു പിന്നാലെ പാത പഴയപടിയായി.
കലുങ്കുകളോ ഓടയോ ഇല്ലാത്തതിനാൽ ഒഴുകിയെത്തുന്ന മഴവെള്ളം കെട്ടിക്കിടന്ന് പാത തോടിന് സമാനമാകും. മഴ തോർന്നാലും ദിവസങ്ങളോളം ഇതു തന്നെയാകും സ്ഥിതി.
ജൽജീവൻ മിഷനുവേണ്ടി വിതരണക്കുഴൽ സ്ഥാപിക്കാൻ പാത വിണ്ടും വെട്ടിക്കുഴിച്ചതോടെ നില കൂടുതൽ പരുങ്ങലിലായി.
തേവലപ്പുറം മൂന്നുമൂർത്തി ക്ഷേത്രം, അങ്കണവാടികൾ, സ്കൂളുകൾ, ആരോഗ്യ ഉപകേന്ദ്രം എന്നിവിടങ്ങളിലേക്ക് എത്തുന്നതിന് ജനം ആശ്രയിക്കുന്ന പാതയാണിത്.
തേവലപ്പുറത്തെ പഞ്ചായത്ത് സ്റ്റേഡിയം നിർമാണം അന്തിമഘട്ടത്തിലാണ്. ഇത് ഉദ്ഘാടനം ചെയ്യുന്നതോടെ പാതയിൽ യാത്രികർ ഇനിയും വർധിക്കും.
പാതയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി മന്ത്രിക്കും ജനപ്രതിനിധിക്കും പരാതി നൽകിയിട്ടും ഫലമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
തകരാൻ ഇനിയൊരിടം ബാക്കിയില്ല…
