കൊട്ടാരക്കര | നല്ല ഒരു മഴപെയ്താൽ എം.സി.റോഡ് തോടാകുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരമില്ല. വാളകം ജങ്‌ഷനിലും കൊട്ടാരക്കര പുലമണിലും വെള്ളക്കെട്ടൊഴിവാക്കാൻ കെ.എസ്.ടി.പി. വലിയ നിർമാണങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ വാളകത്തും പുലമണിൽ ഇന്ത്യൻ കോഫിഹൗസിനുമുന്നിലും വലിയ വെള്ളക്കെട്ടുണ്ടായി.
വാളകത്ത് പഴയതുപോലെതന്നെ റവന്യൂ ഉദ്യോഗസ്ഥരും കെ.എസ്.ടി.പി. ഉദ്യോഗസ്ഥരും മണ്ണുമാന്തിയുമായെത്തി ഓട തെളിച്ച് വെള്ളക്കെട്ട് ഒഴിവാക്കുകയായിരുന്നു. നിലവിലുള്ള ഓടകൾ വലുതാക്കിയും റോഡിനു കുറുകേ സ്ഥാപിച്ചിരിക്കുന്ന ചെറിയ കുഴലുകൾക്കുപകരം വലിയ കലുങ്കുകൾ സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കാൻ കഴിയൂ. ഇതിനുള്ള പദ്ധതി തയ്യാറാക്കാൻ കെ.എസ്.ടി.പി.ക്കു നിർദേശം നൽകിയതായി തഹസിൽദാർ എ.ശുഭൻ പറയുന്നു.
എന്നാൽ അടങ്കൽ തയ്യാറാക്കലും അനുമതി നേടലുമൊക്കെയായി പദ്ധതി നടപ്പാക്കാൻ നാളുകൾ ഏറെ വേണ്ടിവരും. എം.സി.റോഡിന്റെ വശങ്ങളിൽ പുതിയ കെട്ടിടങ്ങൾ ഉയരുന്തോറും റോഡിലെ വെള്ളക്കെട്ടിന്റെ വലുപ്പവും കൂടുകയാണ്. പുലമൺ പ്രൈവറ്റ് ബസ് സ്റ്റാൻഡിനുസമീപം റോഡിലെ വെള്ളക്കെട്ട് ദിവസങ്ങൾക്കു മുമ്പാണ് ഓട തെളിച്ച് ഒഴിവാക്കിയത്. ചന്തമുക്ക്-ഓയൂർ റോഡ്, ഗോവിന്ദമംഗലം റോഡ് തുടങ്ങിയ റോഡുകളിലെല്ലാം വെള്ളക്കെട്ട് പതിവു കാഴ്ചയാണ്.
മഴക്കാലത്തിനു മുമ്പായി ചേർന്ന പൊതുമരാമത്ത്, കെ.എസ്.ടി.പി. ഉദ്യോഗസ്ഥരുടെ യോഗത്തിൽ വെള്ളക്കെട്ട് ഉണ്ടാകാനിടയുള്ള സ്ഥലങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്ന് താലൂക്ക് ഭരണകൂടം നിർദേശം നൽകിയിരുന്നു. എങ്കിലും ഉദ്യോഗസ്ഥ സന്ദർശനം എങ്ങും നടന്നില്ല.
ഓടകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കിയാൽത്തന്നെ വെള്ളക്കെട്ട് ഒഴിവാക്കാമായിരുന്നു. ഗതാഗത തടസ്സവും റോഡ് തകർച്ചയും ഉണ്ടായതിനുശേഷം നടപടിയെടുക്കുന്ന രീതിക്ക് ഇനിയും മാറ്റമുണ്ടാകുന്നില്ല.
