കൊട്ടിയം | കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന അംഗപരിമിതയായ വയോധികയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. കേസിന്റെ അന്വേഷണം പൊലീസ് തുടങ്ങിയത് 2 ദിവസം വൈകിയെന്നും പരാതി ഉയർന്നു. കൊട്ടിയം ജംക്‌ഷനിലെ കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന 75 വയസ്സുളള വയോധികയാണ് കഴിഞ്ഞ വെള്ളി പുലർച്ചെ ഒന്നിന് ആക്രമിക്കപ്പെട്ടത്. വെളളമുണ്ടും ഷർട്ടും ധരിച്ച താടിയുളള ആൾ വയോധികയെ ആക്രമിക്കുന്നതും പിന്നീട് എടുത്തു കൊണ്ടു പോകുന്നതുമായ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറയിൽ നിന്ന് ഇന്നലെ ലഭിച്ചു. കടന്നു പിടിക്കാൻ ശ്രമിച്ചതിനെ എതിർത്തപ്പോൾ കൈവീശി 3 തവണ മുഖത്ത് അടിക്കുന്നതും അടികൊണ്ട് വയോധിക വീഴുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. അവശയായി കിടന്ന ഇവരെ എടുത്ത് അക്രമി ഇരുട്ടിലേക്ക് മറയുന്നതും കാണാം. മണിക്കൂറുകൾക്കു ശേഷം പുലർച്ചെ ഒരു കിലോമീറ്റർ അകലെയുള്ള സിതാര ജംക്‌ഷന് സമീപത്താണ് അർധനഗ്നയായി തലയ്ക്ക് മുറിവേറ്റ നിലയിൽ വയോധികയെ നാട്ടുകാർ കണ്ടത്.
സമീപത്തെ ക്ഷേത്രത്തിലെ ശാന്തിക്കാരനും ഒാട്ടോറിക്ഷ ഡ്രൈവറുമാണ് വയോധികയെ കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് വയോധികയുടെ മകൾ എത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കൊട്ടിയം പൊലീസിൽ മകൾ പരാതിയും നൽകി. എന്നാൽ വെള്ളി രാവിലെ ലഭിച്ച പരാതിയിൽ കൊട്ടിയം പൊലീസ് വെള്ളി പകലും രാത്രിയും ഒരു അന്വേഷണവും നത്തിയില്ല. ഇന്നലെ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പൊലീസ് അന്വേഷണം വൈകിയതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
