കരുനാഗപ്പള്ളി | വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടക്കാത്ത തൊടിയൂർ തറയിൽമുക്ക് വലിയറ കടവ് റോഡിൽ ഗതാഗതം ദുഷ്കരമായി.
ചേലക്കോട്ടുകുളങ്ങരയിൽനിന്ന് ആരംഭിച്ച് തറയിൽമുക്ക് വഴി വലിയതറ കടവിൽ അവസാനിക്കുന്ന റോഡാണിത്. തറയിൽമുക്ക് മുതൽ വലിയതറകടവ് വരെ ഒരു കിലോമീറ്ററിലധികം ഭാഗമാണ് പൂർണമായും പൊളിഞ്ഞു കിടക്കുന്നത്.
റോഡിൽ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടു. മഴ പെയ്താൽ റോഡ് നിറയെ വെള്ളക്കെട്ടായി മാറും. വിവിധ സ്കൂൾ ബസുകൾ കടന്നുപോകുന്ന റോഡാണിത്. കൂടാതെ, ഒട്ടേറെ സ്വകാര്യ വാഹനങ്ങളും ഇതുവഴി പോകുന്നു. റോഡിൻ്റെ ശോച്യാവസ്ഥ കാരണം ഇരുചക്രവാഹ നങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. വലിയതറ കടവിനു മറുവശത്ത് ശൂരനാട് തെക്ക് പഞ്ചായത്തിലെ ലങ്ക എന്നറിയപ്പെടുന്ന പെരുങ്ങാടിയിലുള്ളവർ ഈ റോഡുവഴിയാണ് തൊടിയൂരിലും കരുനാഗപ്പള്ളിയിലും മറ്റും എത്തുന്നത്. ശൂരനാട് തെക്ക് പഞ്ചായത്തിനെയും തൊടിയൂരിനെയും ബന്ധിപ്പിച്ച് പള്ളിക്കലാറിനു കുറുകേ വലിയതറ കടവിൽ പാലം അനുവദിച്ചിട്ട് വർഷങ്ങളായി. ആദ്യഘട്ടമായി പത്തുകോടി
രൂപയും അനുവദിച്ചിട്ടുണ്ട്. ഈ പാലം യാഥാർഥ്യമാകുമ്പോൾ അനുബന്ധ പാതയായി മാറേണ്ട റോഡാണിത്.
റോഡിന്റെ ശോച്യാവസ്ഥ കാരണം പലരും കിലോമീറ്ററുകൾ അധികം സഞ്ചരിച്ചാണ് ലങ്കയിലെത്തുന്നത്. റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ഉയർന്നിട്ട് നാളുകളായി. ഇക്കാര്യം ആവശ്യപ്പെട്ട് ജനപ്രതിനിധികൾക്കും പൊതുമരാമത്ത് അധികൃതർക്കും നിവേദനങ്ങളും നൽകി. പാലം നിർമാണത്തിൻ്റെ ഭാഗമായി റോഡ് വികസനവും ഉണ്ടാകുമെന്നാണ് പലപ്പോഴും ലഭിക്കുന്ന മറുപടിയെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോൾ പാ ലവുമില്ല. നല്ല റോഡുമില്ല എന്ന സ്ഥിതിയിലാണ് നാട്ടുകാർ.
തറയിൽമുക്ക്-വലിയതറ കടവ് പാതയിൽ നിറയെ കുഴികൾ
