അഞ്ചാലുംമൂട് | ഞായറാഴ്ച പുലർച്ചെ അഞ്ചാലുംമൂട് ജങ്ഷനിലെ മൂന്ന് വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടന്നു. പതിനാറായിരത്തോളം രൂപയാണ് മോഷ്ടിച്ചത്. എപ്പോഴും ആൾസാന്നിധ്യമുള്ള ജങ്ഷനിലാണ് മോഷണം നടന്നത്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിേയാടെയായിരുന്നു മോഷണം. ജങ്ഷനിലെ ഹാപ്പി ഫുട്‌വെയർ, സാക്കിയ ബേക്കറി, കാഞ്ഞാവെളി മെഡിക്കൽസ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
ഫുട്‌വെയർ കടയിൽനിന്ന് പതിനായിരത്തോളവും ബേക്കറിയിൽനിന്ന് ആറായിരത്തോളവും രൂപയും മെഡിക്കൽ സ്റ്റോറിൽനിന്ന് നൂറുരൂപയുടെ നാണയങ്ങളുമാണ് മോഷ്ടിച്ചത്. ഞായറാഴ്ച സ്ഥാപനം തുറന്നപ്പോഴാണ് മോഷണം കണ്ടെത്തിയത്. വ്യാപാരസ്ഥാപനത്തിന്റെ പിന്നിലൂടെ എത്തിയ മോഷ്ടാവ് മേൽക്കൂരയിലെ ഷീറ്റ് പൊട്ടിച്ച് അകത്തുകടന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
അടുത്തകാലത്ത് കടകളുടെ മേൽക്കൂരകളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഫുട്‌വെയർ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽനിന്ന് നിക്കറും തോർത്തും ധരിച്ച് മുഖം മറച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്. അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വൈകീട്ട് നാലോടെ കൊല്ലത്തുനിന്ന് ഡോഗ് സ്ക്വാഡ് എത്തി പരിശോധിച്ചു. പോലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് ആവശ്യമുയർന്നു.
