അഞ്ചാലുംമൂട് | തൃക്കരുവ ഭദ്രകാളി ദേവീക്ഷേത്രത്തിൽ മോഷണം. ഓഫീസിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും ചുറ്റമ്പലത്തിലിരുന്ന രണ്ടു വഞ്ചികൾ കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന പണവും അപഹരിച്ചു. വ്യാഴാഴ്ച രാത്രി 12.30-ഓടെ മുഖം മറച്ചെത്തുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽനിന്നു ലഭിച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ മതിൽ ചാടിക്കടന്നെത്തിയ മോഷ്ടാവ് ഗജമണ്ഡപത്തിലുണ്ടായിരുന്ന രണ്ടു മേശകളെടുത്ത് ചുറ്റമ്പലത്തോടു ചേർത്തുവെച്ച് മുകളിലൂടെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന രണ്ടു വഞ്ചികളുടെ പൂട്ട് തകർത്ത് അതിലുണ്ടായിരുന്ന പണം അപഹരിച്ചു. ശ്രീകോവിൽ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പുറത്തിറങ്ങിയ മോഷ്ടാവ് മേശകൾ അതേ സ്ഥാനത്തുതന്നെ കൊണ്ടുവെച്ചു.
ക്ഷേത്രത്തിലെ ഓഫീസ് കെട്ടിടത്തിന്റെ കൗണ്ടറിലെ ഗ്രില്ല് ഇളക്കിമാറ്റി അതിലൂടെ ഉള്ളിൽ പ്രവേശിച്ച് മേശയിൽ സൂക്ഷിച്ചിരു ന്ന 15,000 രൂപയും അപഹരിച്ചു. ക്ഷേത്രഭാരവാഹികൾ അഞ്ചാലുംമൂട് പോലീസിൽ അറിയിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ ധർമ്മിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിലെത്തി തെളിവുകൾ ശേഖരിച്ചു.കൊല്ലത്തുനിന്ന് വിരലടയാളവിദഗ്ദ്ധരും ഡോഗ് സ്ക്വാഡു മെത്തി പരിശോധനകൾ നടത്തി. മണംപിടിച്ച നായ മോഷ്ടാവ് കടന്നുവന്ന സ്ഥലത്തുകൂടി സഞ്ചരി ച്ച് റോഡിലേക്കിറങ്ങിനിന്നു.
തൃക്കരുവ ദേവീക്ഷേത്രത്തിൽ മോഷണം
