കൊട്ടാരക്കര | മഫ്‌തിയിലായിരുന്ന പോലീസുകാരനോട് ആളറിയാതെ തർക്കിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് തല്ലിച്ചതച്ചു. പോലീസിനെ കൈയേറ്റം ചെയ്തെന്ന് കേസെടുത്ത് റിമാൻഡ് ചെയ്യാൻ കോടതിയിലെത്തിച്ചപ്പോൾ യുവാവിന്റെ അവശത ബോധ്യമായ മജിസ്ട്രേറ്റ് കാബിനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തശേഷം ജാമ്യം നൽകി.
തുടർന്ന് പോലീസിനുനേരേ കേസെടുക്കുകയും യുവാവിന് അടിയന്തരചികിത്സ നൽകാൻ കർശന നിർദേശം നൽകുകയും ചെയ്തു. യുവാവിൻ്റെ മെഡിക്കൽ റിപ്പോർട്ട് രഹസ്യമായി കൈമാറാനും മജിസ്ട്രേറ്റ് സി.ബി.രാജേഷ് നിർദേശിച്ചു. മർദനമേറ്റ പള്ളിക്കൽ ഹരിഷ് ഭവനിൽ ഹരീഷ്കുമാർ (37) കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികി ത്സയിലാണ്. സംഭവത്തെക്കുറിച്ച് ഹരീഷ് പറയുന്നതിങ്ങനെ: കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് അഞ്ചിന് കാറിൽ കുടുംബവുമായി വരുമ്പോൾ പള്ളിക്കൽ-മണ്ണറ റോഡിൽ എതിരേവന്ന കാറിലുള്ളവരുമായി വശം നൽകുന്നതിനെച്ചൊല്ലി തർക്കമുണ്ടായി. കാറിലുണ്ടായിരുന്ന ആളും ഹരിഷുമായി ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. വൈകീട്ട് സ്റ്റേഷനിലെത്താൻ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽനിന്നു ഫോൺവിളി എത്തുമ്പോഴാണ് രാവിലെ തർക്കമുണ്ടായത് പോലീസുകാരനുമായിട്ടാണെന്നു മനസ്സിലായത്. തുടർന്ന് സ്വകാര്യ കാറിൽ എത്തിയ എസ്.ഐ. പ്രദീപും മറ്റു രണ്ടുപേരും ഇഞ്ചക്കാട് ഹോട്ടലിൽനിന്ന് ഹരിഷ്‌കുമാറിനെ പിടികൂടുകയും കൊണ്ടു പോവുകയുമായിരുന്നു.
കാറിൽ കയറ്റിയതുമുതൽ മർദനം തുടങ്ങി. പെരുങ്കുളം, പൂവറ്റൂർ പ്രദേശങ്ങളിൽ കറക്കി ഏറെനേരം കാറിലുണ്ടായിരുന്ന നാലുപേരും ചേർന്ന് മർദിച്ചു. സ്റ്റേഷനിൽ എത്തിച്ചും മർദനം തുടർന്നു.
ഫൈബർ ലാത്തികൊണ്ട് കാലിൻ്റെ വെള്ളയിലും പുറത്തും മർദിച്ചു. അവശനായ ഹരീഷിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചെന്ന ജാമ്യമില്ലാവകുപ്പ് ചേർത്ത്കേസെടുക്കുകയും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയുമായിരുന്നു.. പോലിസിനെ മർദിച്ച കേസിൽ പ്രതിയാണ് ഹരീഷെന്നും സ്റ്റേഷൻ മർദനം ഉണ്ടായിട്ടില്ലെന്നും ഇൻസ്പെക്ടർ
ജയകൃഷ്ണൻ പറഞ്ഞു. താത്കാലിക ഹോട്ടൽ ജീവനക്കാരനാണ് ഹരീഷ്.
ആളറിയാതെ തർക്കിച്ചു യുവാവിനെ പോലീസ് കസ്റ്റഡിയിൽ തല്ലിച്ചതച്ചു
