പത്തനംതിട്ട | കലഞ്ഞൂരിൽ വീടിനുള്ളിൽ യുവതി ആത്മഹത്യചെയ്ത സംഭവത്തിന് പിന്നിൽ സമൂഹമാധ്യമം വഴിയുള്ള സാമ്പത്തികത്തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നെയ്യാറ്റിൻകര ഊരൂട്ട്കാല രോഹിണി നിവാസിൽ എം.എസ്.ശ്രീജിത്ത്(28)-നെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നവംബർ ആറിനാണ് കലഞ്ഞൂർ സ്വദേശിനിയായ ലക്ഷ്മി അശോക്(23)-നെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് യുവതിയുടെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിച്ചേർന്നതെന്ന് കൂടൽ സി.ഐ. ജി.പുഷ്പകുമാർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
നെയ്യാറ്റിൻകര സ്വദേശിയായ ശ്രീജിത്ത് വ്യാജപേര് ഉപയോഗിച്ചാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. ഇതുപയോഗിച്ചാണ് നിരവധി സ്ത്രീകളുമായി ബന്ധപ്പെട്ട് സാമ്പത്തികത്തട്ടിപ്പ് നടത്തിയത്. കലഞ്ഞൂർ സ്വദേശിയായ ലക്ഷ്മി അശോകിൽനിന്ന് പണമായും സ്വർണം പണയംവെപ്പിച്ചും മൂന്ന് ലക്ഷം രൂപയോളം വിവിധ അക്കൗണ്ടുകളിലായി ശ്രീജിത്ത് വാങ്ങിയിരുന്നു. ഈ തുക തിരികെ ലഭിക്കാതെ വന്നതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത്. നാല് മാസം മുൻപാണ് യുവതി ശ്രീജിത്തിന്റെ മിഥുൻകൃഷ്ണ എന്ന പേരിലുള്ള അക്കൗണ്ടിൽ സൗഹൃദം സ്ഥാപിച്ചത്. സമൂഹമാധ്യമംവഴിമാത്രം പരിചയമുണ്ടായിരുന്ന ഇവർ നേരിട്ട് കണ്ടിട്ടുമില്ലായിരുന്നു. ഇൻസ്റ്റഗ്രാമിൽ മറ്റൊരാളുടെ പടമായിരുന്നു മുഖചിത്രമായി ഇട്ടിരുന്നതും.
