ഭർതൃമാതാവിനെ മർദിച്ച കേസ്: യുവതി റിമാൻഡിൽ.

Published:

ചവറ| എൺപതുകാരിയായ ഭർതൃമാതാവിനെ മർദിച്ച കേസിൽ അറസ്റ്റിലായ അധ്യാപിക തേവലക്കര നടുവിലക്കര കിഴക്കേ വീട്ടിൽ മഞ്ജുമോൾ തോമസിനെ (37) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലത്ത് നിന്നു ചവറ സ്റ്റേഷനിലെത്തിച്ച ഇവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കി തെക്കുംഭാഗം പൊലീസ് ഉച്ചയ്ക്ക് രണ്ടരയോടെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. റിമാൻഡ് ചെയ്ത ഇവരെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിത സബ്ജയിലിലേക്ക് അയച്ചു. നിരന്തരം മർദനമേറ്റ ഏലിയാമ്മ വർഗീസിനെ ബുധൻ വൈകിട്ട് ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസെടുത്തത്. മഞ്ജുമോൾ കമ്പി വടി കൊണ്ട് തലയ്ക്കടിയ്ക്കാൻ നടത്തിയ ശ്രമം കൈകൊണ്ടു ഏലിയാമ്മ തടഞ്ഞപ്പോൾ വിരലിനു മുറിവേറ്റു.

തള്ളി താഴെയിട്ടു വലിച്ചിഴച്ച് വീടിനു പുറത്താക്കി കതക് വലിച്ചടയ്ക്കുന്നതിനു ഇടയിൽ പെട്ടു കാലിന്റെ വിരലും മുറിഞ്ഞു. കൈകൊണ്ട് തടഞ്ഞില്ലായിരുന്നെങ്കിൽ തലയ്ക്കടിയേറ്റു ജീവൻ തന്നെ നഷ്ടമാകുമായിരുന്നുവെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. ഇതാണ് വധശ്രമത്തിനു കേസെടുക്കാൻ കാരണമായത്. ഇതിനിടെ ഏലിയാമ്മയെ മർദിച്ചു നിലത്ത് തള്ളിയിടുന്ന ഒരു വർഷം മുൻപുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് ഏറെ ചർച്ചയായി. രൂക്ഷമായ വിമർശനങ്ങളുമായി പലരും രംഗത്ത് എത്തിയിരുന്നു. മഞ്ജുവിന്റെ ഭർത്താവ് ജെയിസ് വിഡിയോയിൽ പകർത്തിയ ചിത്രങ്ങളാണ് പ്രചരിച്ചത്. ചവറയിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് മഞ്ജുമോൾ തോമസ്.

Related articles

Recent articles

spot_img