തെന്മല | മാമ്പഴത്തറയിൽ ഭാര്യയെ തൊഴിലുറപ്പു ജോലിക്കിടെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു.
മാമ്പഴത്തറ സ്വദേശിനിയായ ശ്രീകലയ്ക്കാണ് വെട്ടേറ്റത്. പ്രതിയായ ഭർത്താവ് രമേശൻ കൃത്യത്തിനുശേഷം വനത്തിലേക്ക് ഓടിരക്ഷപ്പെട്ടു. ശ്രീകലയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ മാമ്പഴത്തറയിൽ തൊഴിലുറപ്പു ജോലിചെയ്യുന്നതിനിടെ പിന്നിൽക്കൂടിയെത്തിയ രമേശൻ വെട്ടുകത്തികൊണ്ട് മുതുകിൽ വെട്ടുകയായിരുന്നു. ആദ്യം വെട്ടിയപ്പോൾത്തന്നെ ഒഴിഞ്ഞുമാറുകയും കൂടെയുണ്ടായിരുന്നവർ അലറിവിളിക്കുകയും ചെയ്തതുകൊണ്ടാണ് കഴുത്തിൽ വെട്ടേൽക്കാതെ രക്ഷപ്പെട്ടതെന്ന് ശ്രീകല പറഞ്ഞു.
കുടുംബവഴക്കാണ് പിന്നിലെന്നു കരുതുന്നു. പോലീസ് പ്രതിക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി. ഇയാൾ മുൻപും ശ്രീകലയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ളതായി തെന്മല പോലീസ് പറഞ്ഞു.
