ജലവിതരണ പദ്ധതിയുടെ വാൽവ് ചേംബറുകൾ കാണാമറയത്ത്

Published:

പരവൂർ | ആധുനിക രീതിയിൽ നവീകരിക്കുന്ന ചാത്തന്നൂർ – പരവൂർ – പാരിപ്പള്ളി റോഡിൽ ജലവിതരണ പദ്ധതിയുടെ വാൽവ് ചേംബറുകൾ ഉയർത്താൻ നടപടി ഇല്ല. വാൽവ് ചേംബറുകൾ തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ റോഡിന് അടിയിൽ ആയതിനാൽ പൈപ്പ് ലൈനിൽ തകരാർ സംഭവിച്ചാൽ പരിഹരിക്കുക ദുഷ്കരമാകും. ചാത്തന്നൂർ തിരുമുക്ക് മുതൽ പരവൂർ പുക്കുളം വരെ 21 വാൽവ് ചേംബറുകൾ ഉണ്ട്. ആൾനൂഴിയുടെ മേൽമൂടി ഉൾപ്പെടെ പുറത്തു കാണാനാവാത്ത വിധം മണ്ണിനടിയിലായി. സാധാരണ നിലയിൽ റോഡ് നവീകരണം ആരംഭിക്കുന്നതിനു മുൻപു വാൽവ് ചേംബറുകൾ ഉയർത്തി നിർമിക്കണമെന്നു നിർദേശിച്ച് അതിന് ആവശ്യമായ സമയം ജല വകുപ്പിനു നൽകുകയാണു രീതി. എന്നാൽ ഇത്തരം നടപടി ഉണ്ടായില്ല.

ടാർ റോഡിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈൻ വശത്തേക്കു മാറ്റി സ്ഥാപിക്കണമെന്നു ജലവകുപ്പ് നിർദേശിച്ചിരുന്നു. 8 കോടിയോളം രൂപ അടങ്കൽ തുക കണക്കാക്കി. എന്നാൽ പൊതുമരാമത്ത് വകുപ്പ് ഇതു നിരസിച്ചു. സ്വന്തം നിലയിൽ വാൽവ് ചേംബറുകൾ ഉയർത്തി നിർമിക്കാമെന്നും അതിനു സമയം അനുവദിക്കണമെന്നുള്ള ജലവകുപ്പിന്റെ ആവശ്യവും തള്ളി. ഒരു ചേംബർ പോലും കാണാൻ കഴിയാത്ത നിലയിൽ മെറ്റൽ ചെയ്തും മറ്റും മൂടിക്കഴിഞ്ഞു.
ചേംബറിന്റെ സ്ഥാനം തിരിച്ചറിയുന്നതിനു റോഡിന്റെ വശത്തു സ്ഥാപിച്ച അടയാളക്കല്ലുകൾ പലതും റോഡ് നിർമാണത്തിനിടെ ഇളകിപ്പോയതായി പറയുന്നുണ്ട്. ഒരു നിലയിലും ചേംബറുകൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ചു റോഡ്‌ നിർമിക്കുമ്പോൾ പൈപ്പുകൾ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം അവസ്ഥയിൽ റോഡ് വെട്ടിപ്പൊളിച്ചാൽ മാത്രമേ തകരാർ പരിഹരിക്കാൻ കഴിയൂ. കഴിഞ്ഞ ദിവസം ചാത്തന്നൂരിൽ സംഭവിച്ചതിനു സമാനമായി പൈപ്പ് തകർന്നാൽ വലിയ നാശനഷ്ടങ്ങൾ സംഭവിക്കാനിടയുണ്ട്.

റോഡ് നിരപ്പിൽ വാൽവ് ചേംബർ ഉണ്ടെങ്കിൽ ഉടനടി വെള്ളം ഒഴുകുന്നതു നിയന്ത്രിക്കാൻ കഴിയും. ഇവിടെ ഇതിനുള്ള സാധ്യത പൂർണമായും അടഞ്ഞിരിക്കുകയാണ്. പിന്നീടു പുനലൂർ തൊളിക്കോട് പമ്പിങ് നിർത്തി വയ്ക്കണം. എന്നാലും മണിക്കൂറുകൾ കഴിഞ്ഞാൽ മാത്രമേ വെള്ളമൊഴുക്ക് നിലയ്ക്കുകയുള്ളൂ. ജപ്പാൻ ശുദ്ധജല വിതരണ പദ്ധതിയുടെ പരവൂർ പുക്കുളം, പുത്തൻകുളം എന്നിവിടങ്ങളിലെ സംഭരണികളിലേക്കു ജലം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈൻ കടന്നുപോകുന്ന പാതയാണിത്. പുത്തൻകുളത്തേക്കുള്ള പൈപ്പ് ലൈൻ എംഎൽഎ ജംക്‌ഷൻ വഴി പൂതക്കുളം പഞ്ചായത്ത് ഓഫിസ് ജംക്‌ഷനിലൂടെ പുത്തൻകുളം സംഭരണിയിൽ എത്തുകയാണ്.

കേന്ദ്ര റോഡ്സ് ഫണ്ടിൽ നിന്ന് അനുവദിച്ച 23 കോടി രൂപ വിനിയോഗിച്ചു നിർമിക്കുന്ന റോഡിന്റെ നാശം ഒഴിവാക്കാൻ പരസ്പര ധാരണയോടെയുള്ള പ്രവർത്തനത്തിന് ഉന്നത ഇടപെടൽ ആവശ്യമാണ്.

Related articles

Recent articles

spot_img