കൊല്ലം | ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ പ്രതി പോലീസ് സ്റ്റേഷനിൽനിന്നു മതിൽ ചാടി രക്ഷപ്പെട്ടു. പിന്നാലെ ഓടിയ പോലീസ് അതിസാഹസികമായി പ്രതിയെ പിടികൂടി. ചാത്തിനാകുളം വയലിൽ പുത്തൻവീട്ടിൽ ദീപക്ക് (24) ആണ് പോലീസ് സ്റ്റേഷനിൽനിന്നു രക്ഷപ്പെട്ടത്. സിറ്റി പോലീസ് പരിധിയിലെ കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ ബുധനാഴ്ച വൈകിട്ടാണ് നാടകിയരംഗങ്ങളുണ്ടായത്. മൂത്രമൊഴിക്കാനെന്ന വ്യാജേന സ്റ്റേഷനു പുറകിലെ ശൗചാലയത്തിന് മുന്നിലെത്തിയ പ്രതി സമീപത്തെ മതിലിനു മുകളിൽക്കൂടി അടുത്ത വീട്ടുപുരയിടത്തിലേക്ക് ചാടി. അവിടുന്ന് മറ്റൊരു മതിലും ചാടിക്കടന്ന പ്രതി ആൾത്താമസമുണ്ടായിരുന്ന വീടിൻ്റെ മുകളിലത്തെ നിലയിൽ കയറി പിന്നാലെയുണ്ടായിരുന്ന പോലിസുകാർ ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴടക്കുകയായിരുന്നു. മങ്ങാട് സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാനെത്തിയ യുവാവിന്റെ ബൈക്ക് ചൊവ്വാഴ്ച വൈകിട്ട് മോഷണം പോയിരുന്നു. മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെടുന്നതിനിടെ കരിക്കോട് ഷാപ്പുമുക്കിനുസമീപം മറ്റൊരു ബൈക്കിലിടിച്ച് അപകടമുണ്ടായി. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ദീപക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
