കൊല്ലം | സ്കൂളിൽനിന്നു സൈക്കിൾ മോഷ്ടിച്ചു കടന്നുകളയാൻ ശ്രമിച്ചയാളെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ പിടികൂടി. വാളത്തുംഗൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഇന്നലെ ഉച്ചയ്ക്കു സൈക്കിൾ മോഷ്ടിച്ച വാളത്തുംഗൽ ആക്കോലിൽ നഗർ ഗോപികാ ഭവനിൽ അനീഷിനെ (36) ആണു പിന്തുടർന്നു പിടികൂടിയത്. നാലാം തവണയാണ് ഇയാൾ ഇവിടെ നിന്നു സൈക്കിൾ മോഷ്ടിച്ചത്. സ്കൂളിൽ കലോത്സവം നടക്കുന്നതിനിടയിലായിരുന്നു മോഷണം. നേരത്തേ 3 തവണ ഇവിടെ നിന്ന് സൈക്കിൾ മോഷ്ടിച്ചു പോകുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നെങ്കിലും മുഖം മറച്ചിരുന്നതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ കവാടത്തിൽ കാവൽ നിന്ന സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളോട്, മകൾക്കു ചോറു കൊടുക്കാനുണ്ട് എന്നു പറഞ്ഞാണ് മോഷ്ടാവ് സ്കൂൾ വളപ്പിൽ കടന്നത്. പിന്നാലെ സൈക്കിളുമായി പുറത്തേക്കു പോകുന്നതിനിടയിൽ സമീപം ഉണ്ടായിരുന്ന അഭിരാമി, ആതിര എന്നീ കെഡറ്റുകൾ മോഷ്ടാവിനെ തിരിച്ചറിഞ്ഞു പിന്നാലെ ഓടി. കവാടത്തിൽ നിന്ന മുസൈന ബാനുവും റോമയും ചേർന്നു മോഷ്ടാവിനെ തടഞ്ഞു പിടിച്ചു നിർത്തി. മുസൈന ബാനുവിനെ തള്ളിയിട്ട ശേഷം സൈക്കിൾ ഉപേക്ഷിച്ചു മോഷ്ടാവ് ഓടി. പിന്നാലെ കെഡറ്റുകളും ഓടി. ബഹളം കേട്ടു മറ്റു വിദ്യാർഥികളും രക്ഷാകർത്താക്കളും നാട്ടുകാരും പിന്നാലെ പാഞ്ഞു. വീടുകളുടെ ചുറ്റുമതിലുകൾ ചാടിക്കടന്നു 500 മീറ്ററോളം പിന്നിട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. തുടർന്നു ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. നിസ്സാര പരുക്കേറ്റ മുസൈന ബാനുവിനു സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി.
