മാറനാട് മൂഴിയിൽ ഏലാത്തോടിന്റെ വശങ്ങൾ തകർന്നു

Published:

പുത്തൂർ | മാറനാട് പാടശേഖരത്തെയും സമീപ ഏലാകളെയും കാർഷികസമൃദ്ധമാക്കിയിരുന്ന മാറനാട് മുഴിയിൽ ഏലാ വലിയ തോട് തകർച്ചയിൽ.
കളിത്തട്ട് ജങ്ഷൻമുതലുള്ള മേഖലയിൽ, തോടിൻ്റെ വശങ്ങളാകെ ഇടിഞ്ഞുതള്ളിയിരിക്കുകയാണ്.
കല്ലും കോൺക്രീറ്റും ഉപയോഗിച്ചുള്ള സംരക്ഷണഭിത്തിയുടെ അടിഭാഗത്തുനിന്ന് മണ്ണ് ഒലിച്ചു പോയാണ് തിട്ടയിടിഞ്ഞത്. ചിലയിടങ്ങളിൽ വലിയ വിടവുകൾ രുപപ്പെട്ടിട്ടുമുണ്ട്.ആറുലക്ഷം രൂപമുടക്കി, തിട്ടയുടെ ചില ഭാഗങ്ങൾ ഒരുവർഷം മുൻപ്കോൺക്രീറ്റ് ചെയ്തിരുന്നു
ഇവയ്ക്ക് ഇപ്പോൾ കേടുപാടുകളില്ലെങ്കിലും മറുഭാഗങ്ങൾ ഇടിയുന്നതോടെ പുതിയ കെട്ടും തകരാൻ സാധ്യതയുണ്ട്.
തോടിന്റെ തകർച്ച സമീപനപാതയ്ക്കും നാശമുണ്ടാക്കുന്നു. പാതയുടെ നല്ലൊരു ഭാഗം ഇതിനകം തോട്ടിലേക്ക് തള്ളിയാണ് നിൽക്കുന്നത്. തോട്ടുവരമ്പിൻ്റെ പലഭാഗത്തും കൈയേറ്റങ്ങളുണ്ടെന്നും ആരോപണമുണ്ട്.പുലമൺകാവ് ക്ഷേത്രത്തിലേക്കും പവിത്രേശ്വരം വഞ്ചിമുക്കിട്ലേക്കും എത്തിച്ചേരാനുള്ള മാർഗംകൂടിയാണ് ഈ പാത. നെടുമ്പുറം ജങ്ഷനും കളിത്തട്ട് ജങ്ഷനും ഇടയിലെ പ്രധാന പാതയിൽ നിർമാണം നടക്കുമ്പോൾ സമാന്തരപാതയായി ഉപയോഗിക്കുന്ന വഴി ഇതാണ്.
തോടിനു കുറുകേയുള്ള പാലം ഉൾപ്പെടെ പുതുക്കിനിർമിച്ച്, നെടുമ്പുറം ജങ്ഷനിൽനിന്ന് ക്ഷേത്രത്തിലേക്കുള്ള വഴി എത്രയും വേഗം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ.യെ സമീപിച്ചിട്ടുണ്ടെന്ന് വാർഡ് അംഗം അഭിലാഷ് കൂരോംവിള പറഞ്ഞു.
150 ഏക്കറോളം വരുന്ന മാറനാട്‌ പാടശേഖരത്തെ കാർഷികസമൃദ്ധിയിലേക്ക് തിരികെയെത്തിക്കാൻ തോടും പാതയും സംരക്ഷിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.

Related articles

Recent articles

spot_img