പത്തനാപുരം| കമുകുംചേരി ഗവ. എൽ.പി.സ്കൂൾ വളപ്പിൽ സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യണമെന്ന ആവശ്യവുമായി സ്കൂൾ പി.ടി.എ. പഞ്ചായത്ത് ഹരിതകർമസേന വീടുകളിൽനിന്നു ശേഖരിച്ച മാലിന്യമാണ് നാളുകളായി ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. തരംതിരിക്കൽ കേന്ദ്രത്തിലേക്ക് യഥാസമയം മാറ്റാത്തതിനാൽ മാലിന്യച്ചാക്കുകൾ കൂന്നുകൂടിക്കിടക്കുന്നു.
സ്കൂളിനു സമീപത്താണ് മാലിന്യശേഖരം. ഷെഡ്ഡിൽ മാലിന്യക്കെട്ടുകൾ നിറഞ്ഞതിനാൽ ചുറ്റിലുമായി കൂട്ടിയിട്ടിരിക്കുന്നു. കുട്ടികൾ എപ്പോഴും എത്തുന്ന ഭാഗത്തായതിനാൽ ചാക്കുകൾപൊട്ടി മാലിന്യം സ്കൂൾ വളപ്പിലാകെ ചിതറാൻ സാധ്യതയേറെയാണ്. പലയിടത്തുനിന്നും ശേഖരിച്ചതിനാൽ കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.
മാലിന്യം ഇവിടെനിന്നു മാറ്റണമെന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. ഇവ പൂർണമായി നീക്കംചെയ്യുകയും ഷെഡ് സ്കൂളിനു സമീപത്തുനിന്ന് മാറ്റുകയും വേണമെന്നാണ് സ്കൂൾ അധികൃതരുടെ ആവശ്യം.
