പുനലൂർ | ദേശീയപാതയ്ക്ക് സമാന്തരമായി ഉപയോഗിക്കാവുന്ന പുനലൂർ ടിബി ജംക്‌ഷൻ –പാപ്പന്നൂർ –ഇടമൺ പാതയിൽ തർക്കം മൂലം പുനരുദ്ധാരണം നടക്കാതിരുന്ന ഭാഗത്തെ റോഡിന്റെ സ്ഥിതി ഗുരുതരമായി. വാഴമൺ ഭാഗത്ത് റോഡ് തോടായി മാറിയ കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിലെ മഴയ്ക്ക് ശേഷം കാണാനായത്. 350 മീറ്റർ ദൂരം നവീകരിക്കുന്നതിന് 6 മാസം മുൻപ് 85 ലക്ഷം രൂപ അനുവദിച്ചിട്ടും ഫലം ഉണ്ടായില്ല. ഈ പാതയിൽ മറ്റു ഭാഗങ്ങൾ രണ്ടര വർഷം മുൻപ് പുനരുദ്ധാരണം നടത്തി പാത തുറന്നു കൊടുത്തിരുന്നു. ഇതുവഴി കാൽനട പോലും അസാധ്യമായ നിലയിലാണ് ഇപ്പോഴത്തെ സ്ഥിതി.
ദേശീയപാതയിൽ എന്തെങ്കിലും അത്യാഹിതം ഉണ്ടായാൽ സമാന്തരമായി ഉപയോഗിക്കാവുന്ന ഏക പാതയാണിത്. പ്രവൃത്തിക്ക് കരാറെടുക്കാൻ ആരും തയാറാകാത്തതാണ് കാരണം. പത്താംതവണ ക്ഷണിച്ച കരാർ കഴിഞ്ഞ ആഴ്ചയാണ് പരിശോധിച്ചത്. മുൻപ് സ്ഥലവാസികളുടെ എതിർപ്പിൽ പുനരുദ്ധാരണം മുടങ്ങിയ ഇവിടെ പ്രവൃത്തിക്കിടെ വീണ്ടും പ്രശ്നങ്ങളുണ്ടാകുമോ എന്ന ആശങ്ക മൂലമാണ് കരാറുകാർ രംഗത്തുവരാതിരുന്നത്. നേരത്തെ വീതികൂട്ടി പുനരുദ്ധരിച്ച 8 കിലോമീറ്റർ നീളമുള്ള ഈ റോഡിൽ വാഴമൺ മുതൽ താഴേക്കടവാതുക്കൽ വരെയുള്ള ഭാഗത്താണ് നവീകരണം നടക്കാതിരുന്നത്.
പുനലൂർ ടിബി ജംക്‌ഷനെയും ഇടമൺ സത്രം ജംക്‌ഷനെയും ബന്ധിപ്പിക്കുന്ന ശരാശരി 7 മീറ്റർ വീതിയുണ്ടായിരുന്ന പാതയാണിത്. റോഡ് വീതി കൂട്ടുന്നതിനായി ഭൂമി വിട്ടുകൊടുക്കാൻ സ്ഥലവാസികളിൽ ചിലർ തയാറാകാതിരുന്നതിനാലാണ് 350 മീറ്റർ ദൂരത്തിലെ പുനരുദ്ധാരണം അനിശ്ചിതത്വത്തിലായത്.
ഒടുവിൽ പി.എസ്.സുപാൽ എംഎൽഎ ഇടപെട്ടതിനെ തുടർന്ന് ഇവിടെ ഭൂമി വിട്ടുനൽകുന്നതിന് തീരുമാനമായി. ഈ പാത നവീകരണത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുത്ത് ശരാശരി 8.5 മീറ്റർ വീതിയിലാണ് വികസിപ്പിച്ചത്. 350 മീറ്റർ ദൂരത്തിൽ പാർശ്വഭിത്തിയും കലുങ്കും നിർമിക്കുന്നതിനും ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിനുമാണ് 85 ലക്ഷം അനുവദിച്ചത്. അടിയന്തരമായി ഈ ഭാഗത്ത് പുനരുദ്ധാരണം നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
