പരവൂർ | പരവൂർ റെയിൽവേ സ്റ്റേഷൻ പരിസരം കാടുമൂടിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. സ്റ്റേഷനിലേക്കുള്ള വഴിയുടെ ഒരുവശത്താണ് കാടു വളർന്നത്.
രാത്രിയിൽ സ്റ്റേഷനിലേക്ക് വരുന്നതും മടങ്ങുന്നതുമായ ആളുകളെയാണ് ഏറെ ബാധിക്കുന്നത്. ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും ശല്യം രൂക്ഷമാണ്. വെളിച്ചം കുറവായതിനാൽ പേടിയോടെയാണ് യാത്രക്കാർ നടന്നുപോകുന്നത്. റോഡിനു സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലൂടെയുള്ള എളുപ്പവഴിയിലൂടെയാണ് കൂടുതൽ പേരും പ്ലാറ്റ്ഫോമിലേക്ക് കയറുന്നതും പുറത്തേക്കിറങ്ങുന്നതും. മാലിന്യം ചാക്കുകളിലാക്കി കാട്ടിൽ തള്ളുന്നതും പതിവാണ്. ഇവ തിന്നാൻ തെരുവുനായകൾ കൂട്ടമായി എത്തുന്നുണ്ട്. രാത്രിയിൽ യാത്രക്കാരെ ആക്രമിച്ച സംഭവങ്ങളുണ്ട്.
വാഹനം പാർക്കുചെയ്യുന്ന ഭാഗത്തും കാടുവളർന്നിട്ടുണ്ട്. ഇവിടെയും നായകളുടെയും ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമാണ്. മാലിന്യം തള്ളുന്നവരെ കണ്ടത്താൻ സി.സി.ടി.വി. ക്യാമെറകളും ഇല്ല.കാടുവെട്ടി വൃത്തിയാക്കിയ സന്ദർഭങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ ആയിരുന്നു.
വാഹന പാർക്കിങ് കരാർ നൽകാത്തതിനാൽ ഇവിടെ ആളുണ്ടാകാറില്ല. വാഹനങ്ങളിൽ ഇഴജന്തുക്കൾ കയറിയിരുന്നാലും അറിയാൻ കഴിയില്ല.
രാത്രിയിൽ വാഹനം എടുക്കാനെത്തുന്നവർ ഏറെ പണിപ്പെട്ടാണ് വാഹനം പുറത്തെത്തിക്കുന്നത് നഗരസഭയുടെ സഹായത്തോടെ വർഷത്തിൽ ഒന്നോ രണ്ടോ തവണ കാടു വെട്ടിത്തെളിക്കാറുണ്ടെങ്കിലും ആഴ്ചകൾക്കുള്ളിൽ പഴയപടിയാകും.
റെയിൽവേ സ്റ്റേഷൻ പരിസരം കാടുമൂടി; ഭീതിയോടെ വഴിയാത്രക്കാർ
