കുഴികൾ താണ്ടിയുള്ള റോഡ് :ദുരിതയാത്ര മാത്രം തീരുന്നില്ല.

Published:

പത്തനാപുരം | പണം അനുവദിച്ചിട്ട് വർഷങ്ങൾ, പണി തുടങ്ങാൻ നിർമാണോദ്ഘാടനം നടത്തിയിട്ട് മാസങ്ങൾ പക്ഷേ കുഴികൾ താണ്ടിയുള്ള നാട്ടുകാരുടെ ദുരിതയാത്ര മാത്രം തീരുന്നില്ല. പത്തനാപുരം പുന്നല – കാവൂർ റോഡിനാണ് ഈ ദുഃസ്ഥിതി. റോഡ് തുടങ്ങുന്ന പള്ളിമുക്ക് മുതൽ പടുകുഴികൾ ആണ്. മെറ്റലുകൾ പോലുമില്ലാതെയാണ് കുഴികൾ. മഴ പെയ്താൽ വെള്ളം കെട്ടി നിന്ന് ബൈക്കുകൾ പകുതിഭാഗത്തോളം കാണാൻ കഴിയാത്ത വിധം മുങ്ങിയാണു യാത്ര. പലരും വെള്ളത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടാകുന്നതും പതിവായി. 15 മിനിറ്റ് മാത്രം വേണ്ടിയിരുന്ന പത്തനാപുരം – പുന്നല പാതയിൽ ഇപ്പോൾ അരമണിക്കൂറിലധികം സമയം വേണം യാത്രയ്ക്ക്. 6 വർഷം മുൻപ് കിഫ്ബിയിൽ നിന്നു പണം അനുവദിച്ചതാണ് തുടക്കം. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെന്ന എംഎൽഎയുടെ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഡിആർ പദ്ധതിയിലേക്കു റോഡ് മാറ്റി. പള്ളിമുക്ക് മുതൽ പുന്നല – കറവൂർ – അലിമുക്ക് പാത എഫ്ഡിആർ പദ്ധതിയനുസരിച്ച് നിർമിക്കുന്നതിനു പണം അനുവദിച്ചു. ഇതനുസരിച്ച് നിർമാണോദ്ഘാടനവും നടന്നു. പത്തനാപുരം – ഏനാത്ത് പള്ളിമുക്ക് – പുന്നല – അലിമുക്ക്, പള്ളിമുക്ക് മുക്കടവ് റോഡ് എന്നിവയുടെ നിർമാണോദ്ഘാടനം നടത്തി മാസങ്ങൾ പിന്നിട്ടിട്ടും ഒന്നും നടന്നിട്ടില്ല. കരിമ്പാലൂർ ഭാഗത്ത് റോഡ് ഇളക്കിയിട്ടതു മാത്രമാണ് പുന്നല റോഡിലെ നിർമാണ പ്രവർത്തനം.

Related articles

Recent articles

spot_img