കൊല്ലം | ഒന്നുവിശ്രമിക്കാൻ വെള്ളിമൺ സ്വദേശി റോയിയുടെ വളർത്തു പൂച്ചകണ്ടെത്തിയ സ്ഥലം കാറിനുള്ളിൽ എൻജിന് ചുവട്ടിലാണ്. രാവിലെ ബോണറ്റിനുള്ളിൽ എൻജിൻ ബെൽറ്റിനിടയിൽ കുടുങ്ങിയ പൂച്ചയെ അഗ്നിരക്ഷാസേനയും ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ എമർജൻസി ടീമും എത്തി നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
ഞായറാഴ്ച രാവിലെ കാർ സ്റ്റാർട്ടാക്കിയപ്പോൾ റോയ് എൻജിൻ ഓണായ ശബ്ദത്തിനൊപ്പം പൂച്ചയുടെ കരച്ചിലും കേട്ടു. കാർ ഓഫാക്കി പുറത്തിറങ്ങി ചുറ്റും പരതിയപ്പോഴാണ് ശബ്ദം ബോണറ്റിൽനിന്നാണെന്ന് മനസ്സിലായത്. ബോണറ്റ് തുറന്നതും എൻജിൻ ബെൽറ്റുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന വളർത്തുപൂച്ചയെയാണ് കണ്ടത്.
പൂച്ചയെ പുറത്തെടുക്കാൻ പല ശ്രമങ്ങളും നടത്തിയിട്ടും പരാജയപ്പെട്ടു. പിന്നാലെ കുണ്ടറ അഗ്നിരക്ഷാസേനയെ ബന്ധപ്പെട്ടു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ പൂച്ചയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടർന്നെങ്കിലും വിജയിച്ചില്ല. ഒടുവിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ വിവരമറിയിച്ചു. ആംബുലൻസിൽ ഉടൻ തന്നെ എമർജൻസി ടീമംഗങ്ങളായ ഷിബുവും അജയനുമടങ്ങുന്ന സംഘം സ്ഥലത്തെത്തി മരുന്നു നൽകി പൂച്ചയെ മയക്കി. ശരീരം ചുരുങ്ങിയ പൂച്ചയെ പുറത്തെടുത്തതോടെ ആശങ്കയ്ക്ക് വിരാമമായി.
എൻജിൻ ബെൽറ്റിനിടയിൽ കുടുങ്ങിയ വളർത്തുപൂച്ചയ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു.
