നാടൻ തനിമയിൽ ഉണരുന്നു, പൂതക്കുളത്തെ ഓണവിപണി

Published:

പരവൂർ | നാടൻ തനിമ നിറഞ്ഞതാണ് പുതക്കുളത്തുകാരുടെ ഓണാഘോഷം. കൃഷിയും കാർഷികോത്പന്നങ്ങൾ വിൽക്കാനുള്ള കൂട്ടായ്മകളും ചന്തകളുമൊക്കെ എപ്പോഴും സജീവമാണ്. ഓണക്കാലമാകുമ്പോ തനത് ഉത്പന്നങ്ങളാൽ വിപണി നിറയും. അത്തമൊരുക്കാനുള്ള പൂക്കൾമുതൽ സദ്യയൊരുക്കാനുള്ള സാധനങ്ങൾവരെ പൂതക്കുളത്തുകാർക്കുവേണ്ടത് അവർതന്നെ ഉത്പാദിപ്പിക്കും. ഓണവിപണികളിൽ തെളിയുന്നത് ഈ സ്വാശ്രയശീലം തന്നെയാണ്. ചെറുതും വലുതുമായ നിരവധി ചന്തകൾ പുതക്കുളത്തുണ്ട്.
പൂതക്കുളം പഞ്ചായത്ത് ഓഫീസിനു മുൻവശം കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള വിപണനമേളയുടെ വേദിയാണ്. സ്ത്രീകൾ അവർ നിർമിച്ച സാധനങ്ങൾ വിൽക്കുകയാണ്.
വിവിധയിനം അച്ചാറുകൾ, ചിപ്സ്, ശർക്കരവരട്ടി തുടങ്ങി സാനിറ്റൈസർ, ചവിട്ടി എന്നിവ വരെ നിരന്നിട്ടുണ്ട്. യമുന, മായ, ദീപ, സരിത, ഷൈജ, സ്മിത എന്നിവർ സ്റ്റാളിൽ ചർച്ചയിലാണ്. ജൈവ വളമുപയോഗിച്ചു കൃഷി ചെയ്‌തെടുക്കുന്ന ഉത്‌പന്നങ്ങൾക്ക് വേണ്ടത്ര അംഗീകാരം കിട്ടുന്നുണ്ടോയെന്ന പരിഭവവും പങ്കുവെക്കുന്നു. വീട്ടുമുറ്റങ്ങളിലേക്ക്’ ‘മൊബൈൽ’ വിൽപ്പനശാലകൾ എത്തിയതോടെ ചന്തകളിലും വിപണനമേളകളിലും തിരക്കുകുറയുന്നതിൽ ഇവർക്ക് ആശങ്കയുണ്ട്. ‘ഈ സാധനങ്ങൾ വിറ്റുപോയാലാണ് ഞങ്ങൾക്ക് ഓണം വരിക…’ ഷൈജ പറഞ്ഞു. എല്ലാ വർഷവും കുടുംബശ്രീ വിപണന മേള നടക്കാറുണ്ട്.എന്നാൽ സ്മിത ഒഴികെയുള്ളവരെല്ലാം ആദ്യമായാണ് എത്തുന്നത്. പച്ചക്കറികൾക്ക് ആവശ്യക്കാരേറെയാണ്. ആദ്യ ദിനം തന്നെ ഭൂരിഭാഗം സാധനങ്ങളും തീർന്നു. വിവിധയിനം സോപ്പുകളും ലോഷനും തുടങ്ങി പച്ചക്കറിവരെ സ്മിത ഉത്പാദിപ്പിക്കുന്നുണ്ട്. സോപ്പിന് ഓൺലൈനിൽ നല്ല ഡിമാൻഡാണെന്ന് സ്മിത പറയുന്നു. പഞ്ചായത്തിലെ മികച്ച കർഷകയായി സ്മിതയെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. മേന്മയിൽ പൂതക്കുളത്തിൻ്റെ സ്വന്തം കരിമണിപ്പയറും
തൊട്ടപ്പുറത്തെ സ്റ്റാളിൽ പൂതക്കുളം പഞ്ചായത്തിന്റെ തനത് വിഭവമായ കരിമണിപ്പയറാണ് ശ്രദ്ധേയമാകുന്നത്. പൂതക്കുളത്തെ നെൽക്കർഷകർക്ക് കുറേയേറെ ആശ്വാസമാകുന്നത് ഈ കൃഷിയാണ്. വേനൽക്കാലത്ത് പാടങ്ങളിൽ പയർ കൃഷിചെയ്യും. അതീവ രുചികരമായതിനാൽ ദൂര നാടുകളിൽ നിന്ന് പോലും ആളുകൾ പയർ വാങ്ങനെത്തും. കരിമണി പയറിൻ്റെ മേന്മകൾ വിശദീകരിക്കുകയാണ് കർഷകയായ ശ്രീദേവി. എല്ലാവർഷവും വീട്ടിലുണ്ടാക്കുന്ന ഉത്പന്നങ്ങളുമായി ശ്രീദേവി വിപണനമേളയിൽ എത്താറുണ്ട്. പൂതക്കുളം കൃഷിഭവന്റെ നേതൃത്വത്തിൽ ഓണച്ചന്തയും തുടങ്ങിയിട്ടുണ്ട്.

Related articles

Recent articles

spot_img