തെന്മല | മഞ്ഞണിഞ്ഞ മലയോരവും വ്യൂ പോയിന്റുകളും കിഴക്കൻ മേഖലയിലെത്തുന്ന സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഇടവിട്ടുള്ള മഴയ്ക്കൊപ്പമാണ് കോടമഞ്ഞ് നിറഞ്ഞത്. ഇതോടെ പരപ്പാർ ഡാം, ഇക്കോടൂറിസം ലിഷർ സോൺ, സഫാരി പാർക്ക്, ലുക്കൗട്ട് തടയണ ഭാഗങ്ങൾ വേറിട്ടകാഴ്ചയാണ് സഞ്ചാരികൾക്കു സമ്മാനിച്ചത്.
അഞ്ചുമണിയോടെ തടയണയുടെ മറുവശത്തുള്ള മലനിരകൾ പൂർണമായും മഞ്ഞുമൂടി. ഇതോടെ പ്രദേശം തണുപ്പിന്റെ പിടിയലമർന്നു. കാഴ്ചക്കാരിൽ ഏറെയും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരായിരുന്നു. ദേശീയപാതയിലും മഞ്ഞുനിറഞ്ഞതോടെ ഡ്രൈവർമാർ ദൂരക്കാഴ്ച കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥയുമുണ്ടായി. തുടർച്ചയായി അവധിദിനങ്ങൾ വരുന്നതിനാൽ മേഖലയിൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ.
സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി, മഞ്ഞിൽ കുളിച്ച് മലയോരവും വ്യൂപോയിന്റുകളും
