ചന്ദനമരം മുറിച്ചു കടത്തിയ സംഘം പിടിയിൽ

Published:

കുളത്തൂപ്പുഴ | തിരുവനന്തപുരം പട്ടം ആദർശ് നഗറിൽ പിഎസ്‍സി മുൻ ഡപ്യൂട്ടി സെക്രട്ടറി റോസമ്മയുടെ വീട്ടിൽ നിന്ന് 40 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ചു കടത്തിയ സംഘത്തെ ചുള്ളിമാനൂർ വനം വിജിലൻസ് വിഭാഗം ഫ്ലയിങ് സ്ക്വാഡ് പിടികൂടി. തിരുവനന്തപുരം പാപ്പനംകോട് സത്യൻ നഗർ നിവാസികളായ അലോഷ്യസ് തോമസ് (പ്രസന്നൻ–60), ഗിൽബർട്ട് (50) എന്നിവരെയാണു പിടികൂടിയത്. ചന്ദനമരം മുറിക്കാൻ വീട്ടുകാർ പറഞ്ഞതനുസരിച്ച് എത്തിയ ഇവർ പ്രധാന തടി കടത്തിയ ശേഷം ചില്ലകൾ തൊട്ടടുത്ത പുരയിടത്തിൽ ഉപേക്ഷിച്ചു കടക്കുകയായിരുന്നുവെന്നു വനം വിജിലൻസ് വിഭാഗം പറഞ്ഞു. കടത്തിയ പാപ്പനംകോട് സത്യൻ നഗറിൽ ചന്ദ്രന്റെ വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. ചന്ദ്രൻ ഒളിവിലാണ്. കൂടുതൽ ചന്ദനക്കഷണങ്ങൾക്കായി അന്വേഷണം തുടരുകയാണ്. ചുള്ളിമാനൂർ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ സന്ദീപ്, പ്രൊബേഷനറി റേഞ്ച് ഓഫിസർ വിപിൻ ചന്ദ്രൻ, സെക്‌ഷൻ ഫോറസ്റ്റ് ഒ‌ാഫിസർമാരായ ഷിബു, ഷാജഹാൻ, നാഗരാജ് എന്നിവരുടെ സംഘമാണു പ്രതികളെയും ചന്ദനമര കഷണങ്ങളും പിടികൂടിയത്. പ്രതികളെയും ചന്ദനമരകഷണങ്ങളും പാലോട് വനം റേഞ്ച് അധികൃതർക്കു കൈമാറി.

Related articles

Recent articles

spot_img