കടയ്ക്കൽ | കടയ്ക്കൽ പഞ്ചായത്ത് അഭിമാനപദ്ധതിയായി അവതരിപ്പിച്ച ബഹുനില വ്യാപാര സമുച്ചയം തറക്കല്ലിൽ ഒതുങ്ങി.
ആഘോഷപൂർവം സ്ഥാപിച്ച തറക്കല്ലിന് ഇന്ന് 19 വയസ്സ് തികഞ്ഞു. തറക്കല്ലിട്ടതല്ലാതെ പദ്ധതിയിൽ പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ല.
പട്ടണത്തിന്റെ ഹൃദയഭാഗത്ത് പഴയ ചന്ത മൈതാനത്താണ് വ്യാപാരസമുച്ചയം നിർമിക്കാൻ പദ്ധതിയിട്ടത്.
പ്രധാന പാതയ്ക്കു അഭിമുഖമായി നിൽക്കുന്ന, പഞ്ചായത്ത് ഉടമസ്ഥതയിലുള്ള രണ്ട് പഴയ കെട്ടിടങ്ങൾ
പൊളിച്ചുനീക്കി, സബ് ട്രഷറി പാതയുമായി ബന്ധപ്പെടുത്തി ഏഴുനിലയുള്ള വ്യാപാരകേന്ദ്രം നിർമിക്കാനായിരുന്നു പദ്ധതി.
കടയ്ക്കലിന്റെ മുഖച്ഛായതന്നെ മാറ്റുന്നവിധം ബി.ഒ.ടി. വ്യവസ്ഥയിൽ കെട്ടിടം നിർമിക്കുകയായിരുന്നു ലക്ഷ്യം. ഇതിനുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കി ആഘോഷപൂർവം തറക്കല്ലുമിട്ടു. അന്ന് എം.പി.യായിരുന്ന ചെങ്ങറ സുരേന്ദ്രനാണ് ശിലാസ്ഥാപനം നിർവഹിച്ചത്.
ഇതിനിടെ, പഴയ ചന്ത മൈതാനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് റവന്യൂവകുപ്പും പഞ്ചായത്തും തമ്മിൽ തർക്കമുണ്ടായി. ഇതും വ്യാപാരസമുച്ചയ നിർമാണത്തിന് തടസ്സമായി.
ഭൂമി തങ്ങളുടേതാണെന്ന് ഇരുവരും അവകാശമുന്നയിച്ചു. ഈ ഭൂമിയിൽ താലൂക്ക് ആശുപത്രിക്ക് കെട്ടിടം നിർമിക്കാനായി 22 സെന്റ് സ്ഥലം റവന്യൂവകുപ്പ് ആരോഗ്യവകുപ്പിന് അടുത്തിടെ വിട്ടുകൊടുത്തിരുന്നു.
എന്നാൽ ഇതിനെതിരേ പഞ്ചായത്ത് ഹൈക്കോടതിയെയും സർക്കാരിനെയും സമീപിച്ചു. രേഖകളിലുണ്ടായ പിശകാണ് പഞ്ചായത്ത് ഭൂമിയെ റവന്യൂ ഭൂമിയാക്കിയതെന്നാണ് പഞ്ചായത്തിന്റെ വാദം.
തറക്കല്ലിന് 19 വയസ്സ്: കടലാസിലൊതുങ്ങി വ്യാപാരസമുച്ചയം
