അഞ്ചാലുംമൂട് | ബാർ മാനേജരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ ഹാജരായി. പനയം ചാറുകാട് മൂലവിളവീട്ടിൽ പ്രജീഷ് (42) ആണ് കോടതി നിർദേശത്തെ തുടർന്ന് തിങ്കളാഴ്ച അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ ഹാജരായത്.
കഴിഞ്ഞ സെപ്റ്റംബർ 24-ന് രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒട്ടേറെ കേസുകളിലെ പ്രതിയായ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അഞ്ചാലുംമൂട്ടിലെ ബാറിലെത്തി അവിടെയുണ്ടായിരുന്ന മറ്റു രണ്ട് യുവാക്കളുമായി വഴക്കുണ്ടാക്കി. ബാറിൽ നാശനഷ്ടമുണ്ടാക്കിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബാർ ജീവനക്കാർ ഇവരെ തടഞ്ഞുവെച്ച് പോലീസിനു കൈമാറി. സ്റ്റേഷനിലെത്തിച്ച പ്രതികൾ ജാമ്യത്തിലിറങ്ങി വീണ്ടും സംഘടിച്ച് ബാറിലെത്തുകയായിരുന്നു. അപ്പോൾ ബാറിലേക്കുവന്ന മാനേജർ ഷിബു കുര്യാക്കോസിനെ സ്കൂട്ടറിൽനിന്ന് തള്ളി താഴെയിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കേസിലുൾപ്പെട്ട ഏഴു പ്രതികളെ പോലീസ് പിടികൂടിയെങ്കിലും പ്രജീഷ് ഒളിവിൽക്കഴിയുകയായിരുന്നു. ഹൈക്കോടതിയിൽ നിന്നു ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി പോലീസിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. തിങ്കളാഴ്ച പതിനൊന്നുമണിയോടെ പോലീസ് സ്റ്റേഷനിലെത്തിയ പ്രജീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
