കുണ്ടറ | “ഇന്ത്യയെ മതരാഷ്ട്രമാക്കരുത് ” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ ആഗസ്റ്റ് 15ന് സംഘടിപ്പിക്കുന്ന സെക്കുലർ സ്ട്രീറ്റിന്റെ പ്രചരണാർത്ഥം നടത്തുന്ന പടിഞ്ഞാറൻ മേഖല ജില്ലാ കാൽനട പ്രചരണ ജാഥയ്ക്ക് കുണ്ടറ ബ്ലോക്കിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹൻ ക്യാപ്റ്റനും സംസ്ഥാന കമ്മിറ്റിയംഗം എസ് ആർ രാഹുൽ മാനേജരും ജില്ലാ ജോയിന്റ് സെക്രട്ടറി എം ഹരികൃഷ്ണൻ, ജില്ലാ സെക്രട്ടറിയേറ്റംഗം യു പവിത്ര എന്നിവർ വൈസ് ക്യാപ്റ്റൻമാരുമായ ജാഥയിൽ നൂറുകണക്കിന് യുവജനങ്ങൾ പങ്കാളിയായി. നാലാം ദിവസത്തെ ജാഥയുടെ ഉദ്ഘാടനം ചിറ്റുമലയിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി സജി നിർവഹിച്ചു.സിപിഐ(എം) ഏരിയ സെക്രട്ടറി എസ് എൽ സജികുമാർ പങ്കെടുത്തു. മുളവന, പെരുമ്പുഴ, കേരളപുരം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ചെറുമൂട് സമാപിച്ചു. സമാപന സമ്മേളനം സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ മേഴ്‌സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ നേതാക്കളായ ആർ അനിൽ, ടി പി അഭിമന്യു,അൻസർ, അരുൺ,ശ്യാം ശരത് ബി ചന്ദ്രൻ , വിനു,മനുദാസ്,മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. ജാഥ ആഗസ്റ്റ് 5 ന് കൊട്ടിയം ബ്ലോക്കിൽ പര്യടനം നടത്തും.
