നാട് തിരഞ്ഞെടുപ്പ് ചൂടിലേക്ക്; പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്.

Published:

കൊട്ടാരക്കര  |   തിരഞ്ഞെടുപ്പ് ചൂടിലേക്ക് കൊട്ടാരക്കര നിയോജക മണ്ഡലവും. മാവേലിക്കര ലോക്സഭ മണ്ഡലത്തിൽപ്പെട്ട കൊട്ടാരക്കരയിൽ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ഇന്നലെ ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് നിർവഹിച്ചു. സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് അടുത്ത ദിവസം പര്യടനം നടത്തും. യുഡിഎഫ് നിയോജകമണ്ഡലം കൺവൻഷന് പിന്നാലെ 15 മണ്ഡലം കൺവൻഷനുകളും പൂർത്തിയായി.

186 ബൂത്തുകളിൽ 100 ബൂത്തുകളിലും കൺവൻഷനുകൾ നടന്നു. സ്ക്വാഡ് വർക്കുകളും ആരംഭിച്ചു. പോസ്റ്ററുകൾ പതിച്ചു. ലഘുലേഖ വിതരണവും ആരംഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി കെ.എ. അരുൺകുമാറിന്റെ സ്വീകരണ പരിപാടി ഇന്ന് വെളിയത്ത് ആരംഭിക്കും. തുടർന്ന് കരീപ്ര, നെടുവത്തൂർ, കുളക്കട പഞ്ചായത്തുകളിലായി 56 കേന്ദ്രങ്ങളിൽ സ്വീകരണം നടക്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സാന്നിധ്യത്തിൽ ഇന്നലെ യോഗം നടന്നു.

നിയോജകമണ്ഡലം, മണ്ഡലം, ബൂത്ത് കൺവൻഷനുകൾ എൽഡിഎഫ് പൂർത്തിയാക്കി. ബൂത്തുകൾ കേന്ദ്രീകരിച്ച് മേഖല യോഗങ്ങളും കുടുംബയോഗങ്ങളും ആരംഭിച്ചു. ഈസ്റ്റർ ആശംസ കാർഡുകളും വീടുകളിൽ വിതരണം ചെയ്തു. എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയുടെ തിരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിച്ചു. റോഡ് ഷോ നേരത്തേ നടന്നു. നാളെയാണ് നിയോജകമണ്ഡലം കൺവൻഷൻ. 9ന് നെടുവത്തൂരിൽ സ്വീകരണ പരിപാടി ആരംഭിക്കും.

Related articles

Recent articles

spot_img