അഞ്ചാലുംമൂട് | സ്വകാര്യ പുരയിടത്തിലെ കൂറ്റൻ പാഴ്മരത്തിന്റെ ശിഖരങ്ങൾ അടർന്നുവീഴുന്നതിനാൽ വ്യാപാരികളും യാത്രക്കാരും സമീപവാസികളും ഭീതിയിൽ. അഞ്ചാലുംമൂട് ജങ്ഷൻ -കാഞ്ഞിരംകുഴി റോഡിൽ ജങ്ഷനു സമീപം റോഡുവശത്തെ പുരയിടത്തിൽ വളർന്നുപന്തലിച്ചു നിൽക്കുന്ന കൂറ്റൻ പാഴ്മരത്തിൽനിന്ന് കാറ്റുവീശുമ്പോൾ ഉണങ്ങിയ ശിഖരങ്ങൾ അടർന്നുവീഴുന്നത് പതിവായി. ഈ വൃക്ഷത്തിന്റെ ശിഖരം വളർന്ന് അഞ്ചാലുംമൂട്-കാഞ്ഞിരംകുഴി റോഡിനു മുകളിൽവരെ എത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ശിഖരം ഒടിഞ്ഞ് ഹൈ-ടെൻഷൻ വൈദ്യുതലൈനിൽ തട്ടി റോഡിലേക്ക് പതിച്ചിരുന്നു. സമീപത്തെ വ്യാപാരികൾ പെരിനാട് സെക്‌ഷൻ ഓഫീസിൽ അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥരത്തി മരത്തിന്റെ ഫോട്ടോയും എടുത്തു. തൊട്ടടുത്ത ദിവസം മരച്ചില്ല അടർന്ന് റോഡിലേക്ക് വീണെങ്കിലും അതു വഴിവന്ന ബൈക്ക് യാത്രികനും വീട്ടമ്മയും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇവിടെ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും വീടുകളുമുണ്ട്. അടിയന്തരമായി വൃക്ഷത്തിന്റെ അപകടാവസ്ഥയിലുള്ള ശിഖരങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ദുരന്തമാകും. കോർപ്പറേഷൻ-റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ച് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
