കൊട്ടിയം | മുഖത്തല കോടാലിമുക്കിനു സമീപം കൊല്ലപ്പെട്ട ഇസ്രയേൽ സ്വദേശിനി സത്വയുടെ (30) മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും. സത്വയുടെ ബന്ധുക്കൾ കേരളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങും. ഇസ്രയേൽ-പലസ്തീൻ യുദ്ധം കാരണം ബന്ധുക്കൾക്ക് എത്തിച്ചേരാൻ കാലതാമസമുണ്ടാകുമെന്നതിനാൽ 10 ദിവസം കൂടി മൃതദേഹം സൂക്ഷിച്ചു വയ്ക്കണമെന്നാണ് ഇസ്രയേൽ എംബസി പോലീസിനെ അറിയിച്ചിരിക്കുന്നത്.
മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കയാണ്. ഇതിനായി മെഡിക്കൽ കോളേജ് അധികൃതർക്ക് പോലീസ് കത്തുനൽകിയിട്ടുണ്ട്. ഇസ്രയേൽ സ്വദേശിനി സത്വ (36) കഴിഞ്ഞ 30-ന് വൈകീട്ട് മുഖത്തല കോടാലിമുക്കിനുസമീപമുള്ള വീട്ടിലാണ് കൊല്ലപ്പെട്ടത്. മുഖത്തല വെട്ടിലത്താഴം കോടാലിമുക്ക് തിരുവാതിരയിൽ, യോഗാധ്യാപകൻ കൃഷ്ണചന്ദ്ര(75)നൊപ്പമാണ് സത്വ താമസിച്ചിരുന്നത്. കൊല്ലപ്പെട്ട യുവതിയുടെ മുറിയിലുണ്ടായിരുന്ന കൃഷ്ണചന്ദ്രനും സ്വയം കുത്തിമുറിവേൽപ്പിച്ചിരുന്നു. ഇയാൾ ചികിത്സയിൽ കഴിയുകയാണ്. മരണം കൊലപാതകമാണെന്നാണ് പോലീസ് പറയുന്നത്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണചന്ദ്രന്റെ പേരിൽ കൊലക്കുറ്റത്തിന് കേസെടുത്ത്, ഡിസ്‌ചാർജ് ചെയ്യുമ്പോൾ ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് നീക്കം. ദീർഘകാലം ഉത്തരാഖണ്ഡിൽ യോഗാധ്യാപകനായിരുന്ന കൃഷ്ണചന്ദ്രൻ അവിടെവച്ചാണ് സത്വയെ പരിചയപ്പെടുന്നത്. യോഗ പഠിക്കാനെത്തിയതായിരുന്നുഅവർ. പിന്നീട് ഭാര്യാഭർത്താക്കൻമാരായതാണ്.
