കൊല്ലം | റിട്ട. ബി.എസ്. എൻ.എൽ. അസിസ്റ്റന്റ് ജനറൽ മാനേജർ സി.പാപ്പച്ചനെ (81) കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതി പോളയത്തോട് ശാന്തി നഗർ കോളനി-33 സൽമ മൻസിലിൽ ഹാഷിഫി(27) നെ പോളയത്തോടുള്ള മൊബൈൽ കടയിൽ എത്തിച്ച് പോലീസ് തെ ളിവെടുത്തു. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് കൊല്ലം ഈസ്റ്റ് എസ്.ഐ. വി.ജെ.ദിപിന്റെ നേതൃത്വത്തിൽ തെളിവെടുത്തത്. കേടായ മൊബൈൽ ഫോൺ സർവീസ് ചെയ്യാനായി ഹാഷിഫ് ഇവിടെ ഏൽപ്പിച്ചിരുന്നു. ഇത് പോലീസ് പിടിച്ചെടുത്തു. ഹാഷിഫിനെ തിരിച്ചറിഞ്ഞ ജീവന ക്കാർ അനുബന്ധരേഖകൾ കൈമാറി. തെളിവെടുപ്പ് 20 മിനിറ്റോളം നീണ്ടു. ഹാഷിഫിന്റെ പോലീസ് കസ്റ്റഡി കാലാവധി ചൊവ്വാഴ്ച പൂർത്തിയായി. രാവിലെതന്നെ ഹാഷിഫിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഉച്ചയ്ക്ക് 12 മണിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ശേഷം കൊല്ലം ജയിലിലേക്ക് കൊണ്ടുപോയി.
കേസിലെ ഒന്നുമുതൽ നാലുവരെയുള്ള പ്രതികളുടെ പോലീസ് കസ്റ്റഡി 17- നാണ് അവസാനിക്കുന്നത്. തെളിവുശേഖരണത്തിനും അന്വേഷണത്തിനുമായി ഒരാഴ്ചകൂടി അനുവദിക്കാൻ കോടതിയിൽ അപേക്ഷ നൽകാനുള്ള ആലോചനയുണ്ടെങ്കിലും 16-ന് മാത്രമേ ഇക്കാര്യം തീരുമാനിക്കുകയുള്ളൂ. എങ്ങനെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് ബുധനാഴ്ച പുനരാവിഷ്കരിക്കും. ശ്രീനാരായണ ഗുരു കൺവെൻഷൻ സെൻ്ററിനുസമീപം സംഭവസ്ഥലത്ത് രാവിലെ ആരംഭിക്കുന്ന പുനരാവിഷ്കരണം ബുധനാഴ്ച ഉച്ചയോടെ പൂർത്തിയാക്കുമെന്ന് ഈസ്റ്റ് എസ്.എച്ച്.ഒ. എൽ.അനിൽകുമാർ പറഞ്ഞു.
പ്രതി ഹാഷിഫുമായി തെളിവെടുത്തു
