മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനിൽ നിന്നു ചാടി മരിച്ചു.

Published:

ശാസ്താംകോട്ട |  ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് സുരക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ നിന്നു ചാടി മരിച്ചു. മാവേലിക്കര പുന്നമൂട് നക്ഷത്ര കൊലക്കേസിലെ പ്രതി ആനക്കൂട്ടിൽ ശ്രീമഹേഷാണ് (38) മരിച്ചത്. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനു സമീപം കൊല്ലം പാസഞ്ചറിൽ ഇന്നലെ വൈകിട്ട് മൂന്നേകാലോടെയാണ് സംഭവം. ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ കൊണ്ടുവന്ന ശേഷം ശ്രീമഹേഷിനെ തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നു. തിരുവനന്തപുരം എആർ ക്യാംപിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നു. സ്റ്റേഷനിൽ നിന്നു ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ശുചിമുറിയിൽ പോകണമെന്ന് ശ്രീമഹേഷ് ആവശ്യപ്പെട്ടു. ഇത് അനുവദിച്ചപ്പോൾ ഉദ്യോഗസ്ഥരെ തള്ളിമാറ്റി വാതിലിന്റെ ഭാഗത്ത് നിന്നു പുറത്തേക്ക് ചാടുകയായിരുന്നു.

ഉദ്യോഗസ്ഥർ പെട്ടെന്നു ചെയിൻ വലിച്ച് ട്രെയിൻ നിർത്തി. ഗുരുതരമായി പരുക്കേറ്റ ശ്രീമഹേഷിനെ ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മൂന്നേമുക്കാലോടെ മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. 2023 ജൂൺ ഏഴിനു രാത്രിയിലാണ് മകൾ നക്ഷത്രയെ മഴു ഉപയോഗിച്ച് ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മ സുനന്ദയെയും ഇയാൾ വെട്ടിപ്പരുക്കേൽപിച്ചു. ശ്രീമഹേഷ് ജൂൺ 8ന് വൈകിട്ടു 6.45ന് ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. അടുത്തമാസം സാക്ഷിവിസ്താരം തുടങ്ങാനിരിക്കെയാണ് ജീവനൊടുക്കിയത്.ജോലി തടസ്സപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി കസ്റ്റഡിയിൽ നിന്നു രക്ഷപ്പെടാൻ ശ്രമിച്ചതിനും അസ്വാഭാവിക മരണത്തിനും കേസെടുത്തതായി ശാസ്താംകോട്ട ഡിവൈഎസ്പി: എസ്.ഷെരീഫ് പറഞ്ഞു.

Related articles

Recent articles

spot_img