കൊല്ലം | യുവാവിനെ മർദിച്ചു മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ, മുഖത്തല കീഴവൂർ ബ്രോണോ വിലാസത്തിൽ അജേഷ് (21), മങ്ങാട് ഫ്രണ്ട്സ് നഗർ കുറുവിലഴികം വീട്ടിൽ അക്ഷയ് (24) എന്നിവരാണു കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 13നു രാത്രിയോടെ ഇരവിപുരം സ്വദേശി റോഷന്റെ സുഹൃത്തായ സെയ്ദലി പ്രതികൾക്കു കൊടുക്കാനുണ്ടായ പണത്തെ ചൊല്ലി വാക്കുതർക്കം ഉണ്ടായി. തുടർന്നു സെയ്ദലിയും റോഷനും മറ്റൊരു സുഹൃത്തായ നിഷാദൂം ബൈക്കിൽ കയറി സ്ഥലം വിടാൻ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം തെറ്റി മറിഞ്ഞു വീഴുകയും പരുക്കേറ്റ റോഷനെ ആശുപത്രിയിൽ കൊണ്ടു പോകാനെന്ന വ്യാജേന പ്രതികളുടെ ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു മർദിച്ചശേഷം ഇയാളുടെ കയ്യിലുണ്ടായിരുന്ന 63,000 രൂപ വില വരുന്ന മൊബൈൽ ഫോൺ കവർന്നുവെന്നാണ് കേസ്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അജേഷ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കിളികൊല്ലൂർ ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കണ്ണൻ, രാജേഷ്, സുകേഷ്, സന്തോഷ്, സിപിഒമാരായ ഷൺമുഖദാസ്, ഷാജി, സാജ്, ദിലീപ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.
