പുത്തൂർ | പട്ടാപ്പകൽ ബൈക്കിലെത്തി ക്ഷേത്രവഞ്ചികൾ കവർന്ന കേസിൽ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽമേക്ക് മുറിയിൽ ആഞ്ഞിലിമൂട്ടിൽ കിഴക്കേതിൽ മുഹമ്മദ് അൻവർഷ (25), ഭാര്യ കൃഷ്ണപുരം വേലയ്ക്കുകോളനി ശിവജിഭവനിൽ സരിത (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 26-ന് ഉച്ചയ്ക്ക് പൂവറ്റൂർ പടിഞ്ഞാറ് മാവടി പുനരൂർക്കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലായിരുന്നു മോഷണം.
കൊട്ടിയത്തെ ഒരു ലോഡ്ജിൽ ഇവരുണ്ടെന്ന വിവരം പുത്തൂർ പോലീസിന് ലഭിച്ചതിനെ തുടർന്ന് കൊല്ലം സിറ്റി പോലീസ് സ്‌ക്വാഡും കൊട്ടിയം പോലീസും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മാവടിയിലെ ക്ഷേത്രമുറ്റത്തെത്തി തൊഴാനെന്ന വ്യാജേന നിന്നശേഷം കൊടിമരച്ചുവട്ടിലെയും ഉപദേവാലയങ്ങളുടെ മുന്നിലേതും ഉൾപ്പെടെ മൂന്നു വഞ്ചികൾ കവർന്ന് കടന്നുകളയുകയായിരുന്നു. മൈലംകുളം ക്ഷേത്രത്തിനു സമീപത്തെ റബർ പുരയിടത്തിൽനിന്ന് പിന്നീട് തുറന്ന വഞ്ചികൾ കണ്ടെത്തിയിരുന്നു.
മൂവായിരത്തോളം രൂപ വഞ്ചിയിലുണ്ടായിരുന്നെന്നും ആലപ്പുഴ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും ഇവരുടെ പേരിൽ സമാനരീതിയിലുള്ള മോഷണക്കേസുകളുണ്ടെന്നും പോലീസ് പറയുന്നു.
പ്രതികളെ ക്ഷേത്രത്തിലെത്തിച്ചു തെളിവെടുത്തു. പുത്തൂർ എസ്.ഐ. ബാലു ബി.നായർ, എ.എസ്.ഐ. സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ തെളിവെടുപ്പിന് എത്തിച്ചതും തുടർനടപടികളും നടത്തിയത്.
