ഭർതൃമാതാവിനെ മർദിച്ചു തള്ളിയിട്ട അധ്യാപിക അറസ്റ്റിൽ.

Published:

ചവറ |  എൺപതുകാരിയായ ഭർതൃമാതാവിനെ നിരന്തരം ഉപദ്രവിച്ച സ്കൂൾ അധ്യാപിക അറസ്റ്റിൽ. തേവലക്കര നടുവിലക്കര കിഴക്കേ വീട്ടിൽ മഞ്ജുമോൾ തോമസിനെ (37) യാണ് തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധൻ വൈകിട്ട് ഇവരുടെ മർദനമേറ്റ ഭർതൃമാതാവ് ഏലിയാമ്മ വർഗീസ് ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. തുടർന്ന് മകൻ ജെയിസിനും സുഹൃത്തിനും ഒപ്പം പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിനെത്തുടർന്ന് ഇന്നലെ രാവിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുക്കുകയും വൈകിട്ട് മരുമകളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പരാതി നൽകിയ ശേഷം തിരിച്ചെത്തിയ ഏലിയാമ്മയെ മരുമകൾ വീട്ടിൽ കയറ്റാത്തതിനെത്തുടർന്ന് പൊലീസ് എത്തിയാണ് വീടിനുള്ളിൽ പ്രവേശിപ്പിച്ചത്. കൈകാലുകൾക്കു മുറിവേറ്റിട്ടുണ്ട്. ആയുധങ്ങൾ ഉപയോഗിച്ചും അല്ലാതെയും ഉപദ്രവിച്ചതായാണു പൊലീസ് പറയുന്നത്. ഒരു വർഷം മുൻപ് ഏലിയാമ്മയെ മർദിച്ചു നിലത്ത് തള്ളിയിടുന്ന ദൃശ്യങ്ങൾ മഞ്ജുമോളുടെ ഭർത്താവ് ജെയിസ് വിഡിയോയിൽ പകർത്തിയത് ഇന്നലെ മുതൽ വീണ്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

നേരത്തേ ഈ ദൃശ്യം പൊലീസിന്റെ ശ്രദ്ധയിൽപെട്ടെങ്കിലും അമ്മയ്ക്കും മകനും പരാതിയില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് കേസെടുക്കാതിരിക്കുകയായിരുന്നു. എന്നാൽ പിന്നീടും പലതവണ ഇവർക്കു മർദനമേറ്റതായി സമീപവാസികൾ പറയുന്നു. ചവറയിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായ മഞ്ജുമോൾ അവരുടെ മക്കളായ ചെറിയ കുട്ടികളുടെ മുന്നിൽ വച്ചാണ് മർദിക്കുന്നത്.

ഇവരുടെ പേരിൽ വധശ്രമം ഉൾപ്പെടെയുള്ള കുറ്റം ചുമത്തി. തെക്കുംഭാഗം സ്റ്റേഷനിൽ നിന്നു മഞ്ജുമോളെ വനിതാ സെല്ലിലേക്കു മാറ്റി. ഇന്നു കോടതിയിൽ ഹാജരാക്കും. ഇൻസ്പെക്ടർ എം.ദിനേശ് കുമാർ, എസ്ഐ ഗോപകുമാർ, എഎസ്ഐ രഞ്ജിത്ത്, എസ്‌സിപിഒമാരായ മുനീറ, എം.ദിനേശ്കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related articles

Recent articles

spot_img