കരുനാഗപ്പള്ളി | തൊടിയൂർ അമ്പീരേത്ത് ദുർഗാദേവിക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ.
പാലമേൽ പുതുപ്പള്ളിക്കുന്നം ഉടയന്റെ വടക്കതിൽ വീട്ടിൽനിന്ന് ശൂരനാട് തെക്ക് കിടങ്ങയം നടുവിൽ മാരൂർച്ചിറയിൽ താമസിക്കുന്ന ആരോമൽ എന്ന ത്രിജിത്ത് (19) ആണ് കരുനാഗപ്പള്ളി പോലീസിൻ്റെ പിടിയിലായത്.
ജൂലായ് 30-ന് പുലർച്ചെയാണ് മോഷണം. തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന അഞ്ചു ഓട്ടുരുളികളും ആറു നിലവിളക്കുകളും 12,000 രൂപയും മോഷ്ടിച്ചെന്നാണ് പരാതി. സി.സി.ടി.വി.ദൃശ്യങ്ങളും മറ്റു തെളിവുകളും ശേഖരിച്ച് പോലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മോഷണം പോയ ഓട്ടുപാത്രങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ശൂരനാട്ടുള്ള ആക്രിക്കടയിൽ ഇവ വിൽപ്പന നടത്തിയതായി ആക്രിക്കട ഉടമയിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടത്തിയതെന്ന് പോലീസ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളി എ.സി.പി. അഞ്ജലി ഭാവനയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇൻസ്പെക്ടർ വി.ബിജു, എസ്.ഐ.മാരായ ഷമീർ, ഷാജിമോൻ, സന്തോഷ്‌കുമാർ, എസ്.സി.പി.ഒ.മാരായ ഹാഷിം, രാജീവ്‌കുമാർ, ശ്രീനാഥ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
ക്ഷേത്രത്തിൽ മോഷണം; പ്രതി പിടിയിൽ
