ശാസ്താംകോട്ടയില്‍ നിന്ന് കാര്‍ മോഷ്ടിച്ച പ്രതി പിടിയില്‍

Published:

പടിഞ്ഞാറേ കല്ലട : ശാസ്താംകോട്ടയില്‍ നിന്ന് കാര്‍ മോഷ്ടിച്ച്‌ കടന്ന യുവാവിനെ പൊലീസ് പിടികൂടി. നിരവധി മോഷണ കേസുകളിലെ പ്രതി കൊല്ലം വാളത്തുംഗല്‍ ചേതന നഗറില്‍ ഉണ്ണി നിവാസില്‍ ഉണ്ണി മുരുഗൻ (38) ആണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്.രണ്ടാഴ്ച മുൻപാണ് മറ്റൊരു മോഷണ കേസില്‍ നിന്നും ജയില്‍ മോചിതനായത്. ശാസ്താംകോട്ട കൊച്ചുതണ്ടില്‍ വീട്ടില്‍ ഷാനവാസിന്റെ വാഗണര്‍ കാറാണ് മേയ് 20ന് രാത്രി 11 മണിയോടെ മോഷണം പോയത്. ശാസ്താംകോട്ട തറവാട് ഓഡിറ്റോറിയത്തിനടുത്ത് തട്ടുകട നടത്തുകയാണ് ഷാനവാസും സഹോദരനും. രാത്രി കട ഒതുക്കി വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുന്നതിനിടയിലായിരുന്നു മോഷണം.പ്രതിയായ ഉണ്ണി കടയിലെത്തി ആഹാരം ആവശ്യപ്പെട്ടിരുന്നു.മോഷ്ടിച്ച കാര്‍ പിന്നീട് കുണ്ടറ ഫയര്‍ സ്റ്റേഷന് താഴെ പോസ്റ്റില്‍ ഇടിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും നടത്തിയ പരിശോധനയില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി കൊല്ലം സിറ്റി പൊലീസ് പരിധിയില്‍ നിന്ന് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടികൂടുമ്ബോള്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന മോട്ടോര്‍ ബൈക്ക് കൊട്ടാരക്കരയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും കൂടുതല്‍ ചോദ്യം ചെയ്യുമെന്നും ശാസ്താംകോട്ട എസ് .എച്ച്‌ ഒ അനൂപ് പറഞ്ഞു. ശാസ്താംകോട്ട എസ്.ഐ ഷാനവാസ്‌, ഗ്രേഡ് എസ്.ഐ ഷാജഹാൻ, സി.പി.ഒ ശ്രീകുമാര്‍, ഷണ്മുകൻ, ഷോബിൻ, രാകേഷ് എന്നിവര്‍ അടങ്ങിയ ടീം ആണ് പ്രതിയെ പിടികൂടിയത്.

Related articles

Recent articles

spot_img