കൊല്ലം | കൊല്ലം–ഇടമൺ നാഷനൽ ഹൈവേ 744 ൽ കേന്ദ്ര നാഷനൽ ഹൈവേ അതോറിറ്റി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി എഴുകോൺ ജംക്‌ഷന്റെ നവീകരണത്തിനായി 80 കോടി രൂപ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. കൊല്ലം മുതൽ ഇടമൺ വരെ 52.2 കിലോമീറ്റർ ദൂരം വരുന്ന ഹൈവേ 744 ന്റെ മൊത്തത്തിലുള്ള വികസനത്തിനായി നാഷനൽ ഹൈവേ അതോറിറ്റി 447 കോടി രൂപയുടെ അനുമതിയാണ് നൽകിയിരിക്കുന്നത്. പുനലൂരിനും ഇടമണ്ണിനും ഇടയിലുള്ള വാളക്കോട് മേൽപ്പാലം പൊളിച്ചു പണിയുന്നതിന് 40 കോടി രൂപ വകയിരുത്തി. കൊട്ടാരക്കര ടൗണിലെ പുലമൺതോട് പാലം പുനർനിർമിക്കുന്നതിനും കുന്നിക്കോട് ശാസ്ത്രി ജംക്‌ഷനിലെ തോടിലെ പാലം പുനർനിർമിക്കുന്നതിനും 4.52 കോടി രൂപയും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തി. കൂടാതെ എഴുകോണിനും നെടുവത്തൂരിനും ഇടയിലെ അമ്പലത്തുംകാല മുതൽ കിള്ളൂർ ഭാഗത്ത് അപകടങ്ങൾ ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനും മെറ്റാലിക് ക്രാഷ് ബാരിയറും ഉപയോഗിക്കുമെന്നും എംപി അറിയിച്ചു.
എഴുകോണിൽ നാഷനൽ ഹൈവേ അതോറിറ്റി നിയമിച്ച ചൈതന്യ കൺസൾട്ടന്റ് തയാറാക്കിയിരിക്കുന്ന പദ്ധതി പ്രകാരം ഫ്ലൈഓവറിന്റെ എസ്റ്റിമേറ്റാണ് എടുത്തിരിക്കുന്നത്. എന്നാൽ എഴുകോൺ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുമായി നടത്തിയ ചർച്ചയിൽ ഫ്ലൈഓവറിന് പകരം രണ്ടോ മൂന്നോ സ്പാനുകളിൽ ആയി ബ്രിജ് നിർമിച്ച് ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും അപകടങ്ങൾ കുറയ്ക്കാനുമാണ് നിർദേശിച്ചത്. പഞ്ചായത്ത് മുന്നോട്ട് വച്ച ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്പാൻ ബ്രിജിന്റെ രൂപരേഖ തയാറാക്കി കേന്ദ്ര ഹൈവേ അതോറിറ്റിയുടെ അംഗീകാരത്തോടെ നടപ്പാക്കും. നാഷനൽ ഹൈവേ അതോറിറ്റിയുടെ പ്രോജക്ട് ഡയറക്ടർ ദേവപ്രസാദ് സാഹു, ലൈസൻ ഓഫിസർ സലിം, ചൈതന്യ പ്രോജക്ട് കൺസൾട്ടന്റ് ഗൗതം , ഡപ്യൂട്ടി മാനേജർ നാഷനൽ ഹൈവേ അതോറിറ്റി കൃഷ്ണ റെഡ്ഡി എന്നിവർ എംപിയോടൊപ്പം എഴുകോൺ ജംക്‌ഷൻ സന്ദർശിക്കുകയും നിലവിലുള്ള റോഡിന്റെ അവസ്ഥ വിശകലനം നടത്തുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിജു ഏബ്രഹാം, മുൻ പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, മിൽമ മേഖല യൂണിയൻ ഡയറക്ടർ ബോർഡ് അംഗം ബിജു ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കനകദാസ്, പി.എസ്.അദ്വാനി, മഞ്ജുരാജ്, സുനിൽ കുമാർ എന്നിവരും പങ്കെടുത്തു.
ദേശീയപാത വികസനം,എഴുകോൺ ജംക്‌ഷന്റെ നവീകരണത്തിനായി 80 കോടി രൂപ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി.
