പുനലൂർ | ഏഴുവർഷം മുൻപ് മുഖ്യമന്ത്രി തറക്കല്ലിട്ട പുനലൂർ പ്ലാച്ചേരിയിലെ ഫ്ലാറ്റിന്റെ നിർമാണത്തിലെ അപാകത പരിഹരിക്കാൻ നടപടികൾ തുടങ്ങി. 5 മാസം മുൻപാണ് ഫ്ലാറ്റിൽ ഗുണഭോക്താക്കൾ താമസം തുടങ്ങിയത്. സമീപത്തെ മണ്ണിടിച്ചിലും വെള്ളക്കെട്ടും ജല ലഭ്യതക്കുറവും അടക്കം നിരവധി പരാതികൾ ഉയർന്നു വന്നതോടെയാണ് എംഎൽഎ അടക്കമുള്ളവർ ഇടപെട്ടത്. കഴിഞ്ഞ ദിവസം ജനപ്രതിനിധി സംഘം ഫ്ലാറ്റ് സന്ദർശിച്ചതിനെ തുടർന്ന് ഇന്നലെ പൊതുമരാമത്ത് അതിഥി മന്ദിരത്തിൽ അവലോകന യോഗവും നടന്നു. നിർമാണത്തിലെ അപാകതകൾ പരിഹരിക്കാൻ പി.എസ്. സുപാൽ എം എൽഎ അവലോകന യോഗത്തിൽ അധികൃതർക്ക് നിർദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ഫ്ലാറ്റിന് ചുറ്റുമുള്ള വലിയ കുന്നിടിഞ്ഞ് വീണിരുന്നു.
അപാകതകളെല്ലാം വരുംദിവസങ്ങളിൽ പരിഹരിക്കണമെന്ന് എം എൽഎ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ശുദ്ധജല പ്രശ്നം പരിഹരിക്കാനായി നഗരസഭ എല്ലാദിവസവും ശുദ്ധജലം എത്തിക്കും. ഫ്ലാറ്റിന്റെ അറ്റകുറ്റപ്പണികൾ 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ഫ്ലാറ്റുമായി ബന്ധപ്പെട്ടുള്ള മുഴുവൻ തകരാറുകളും ഉദ്യോഗസ്ഥർ താമസക്കാരെ നേരിൽ കണ്ട് പരിഹരിക്കും. സംരക്ഷണ ഭിത്തി, കുഴൽക്കിണർ നിർമാണം, ലിഫ്റ്റ് സ്ഥാപിക്കൽ എന്നിവ സംബന്ധിച്ച് പ്രോജക്ട് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ നഗര സഭ പ്രതിനിധികൾക്ക് നിർദേശം നൽകി. യോഗത്തിൽ നഗരസഭ അധ്യക്ഷ ബി.സുജാത, ഉപാധ്യക്ഷൻ ഡി. ദിനേശൻ, കലക്ടറേറ്റിൽ നിന്നെത്തിയ എ.ഡി.സി.അനു, ലൈഫ് മിഷൻ പ്രോജക്ട് എൻജിനീയർ ശ്രീരാഗ്, കരാറുകാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
പ്ലാച്ചേരിയിലെ ഫ്ലാറ്റിന്റെ നിർമാണത്തിലെ അപാകത പരിഹരിക്കാൻ നടപടികൾ തുടങ്ങി.
