കൊല്ലം | കഴികൾ നിറഞ്ഞ് അപകടാവസ്ഥയിലായി എസ്.എൻ. കോളേജ്-ഡി.സി.സി. റെയിൽവേ മേൽപ്പാലം. ഏഴുമാസത്തിലധികമായി പാലത്തിന്റെ ടാറിങ് തകർന്നിട്ട്. എസ്.എൻ.കോളേജിന് എതിർവശത്തുനിന്ന് പാലം തുടങ്ങുന്നതുമുതൽ ഡി.സി.സി. ഓഫീസിനു സമീപത്ത് അവസാനിക്കുന്നതുവരെ മുഴുവൻ കുഴികളാണ്. പലതും ആഴത്തിലുള്ളവ. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിൽ കൂടുതലും.
കൊല്ലം ബീച്ച്, ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, വിവിധ കോളേജുകൾ, സ്കൂളകൾ എന്നിവിടങ്ങളിലേക്കു പോകുന്നത് ഇതുവഴിയാണ്. കൊട്ടിയം, മയ്യനാട് റൂട്ടിലുള്ള സ്വകാര്യ ബസുകളും കൊല്ലത്തുനിന്ന് രുവനന്തപുരത്തേക്കുള്ള സ്വകാര്യവാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ പത്തിൽ കൂടുതൽ അപകടങ്ങൾ ഇവിടെയുണ്ടായി. രണ്ടുപേർക്ക് ജീവൻ നഷ്ടമായി. പാലത്തിൽ വെളിച്ചമില്ലാത്തതും അപകടങ്ങൾ കൂട്ടുന്നു. പാലത്തിൽ ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യുന്നതിന് 41 ലക്ഷം രൂപയുടെ ഭരണാനുമതി കഴിഞ്ഞ ഫെബ്രുവരിയിൽ ലഭിച്ചെങ്കിലും ഇതുവരെ നിർമാണപ്രവൃത്തികൾ തുടങ്ങിയിട്ടില്ല. പൊതുമരാമത്ത് ബ്രിഡ്‌ജസ് വിഭാഗത്തിന്റെ അധീനതയിലുള്ള റോഡിൻ്റെ റീ ടാറിങ്ങിന് ടെൻഡർ എടുക്കാൻ ആദ്യം ആരും തയ്യാറായിരുന്നില്ല. ഇപ്പോൾ ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണെന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്.
മേൽപ്പാലങ്ങളുടെ അടിയിൽ സൗന്ദര്യവത്കരണം നടത്തുകയും പാർക്ക് ഉൾപ്പെടെ സജ്ജമാക്കുകയും ചെയ്യുന്ന സംസ്ഥാന പദ്ധതിയിൽ ആദ്യ നിർമാണോദ്ഘാടനം ഈ പാലത്തിനു താഴെയാണ് നടന്നത്. പാലത്തിന്റെയും സമീപത്തെ റോഡുകളുടെയും അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് പൊതുമ രാമത്ത് മന്ത്രി കഴിഞ്ഞമാസവും ഉറപ്പുനൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല.
2014-ൽ നിർമാണം പൂർത്തിയാക്കിയ പാലത്തിൽ 2018-ൽ വീണ്ടും ടാറിങ് നടത്തിയിരുന്നു. 2022-ൽ അറ്റകുറ്റപ്പണികളും നടത്തി. എന്നാൽ ഒരുവർഷം പൂർത്തിയാകുന്നതിനു മുൻപു തന്നെ കുഴികൾ പഴയ സ്ഥിതിയിലായി.
തുടർന്ന് കഴിഞ്ഞ ഡിസംബറിൽ നവകേരളസദസ്സിനു മുന്നോടിയായി പാലത്തിലുണ്ടായിരുന്ന കുഴികൾ താത്കാലികമായി അടച്ചു. ഇടതടവില്ലാതെ വാഹനങ്ങൾ സഞ്ചരിക്കുന്നതിനാൽ അടച്ചവ വിണ്ടും പ്രത്യക്ഷപ്പെട്ടു. കൂടുതൽ ഭാഗത്ത് കുഴികളുമായി.
പാലത്തിൽ അപകടങ്ങളും അപകടമരണങ്ങളും ഏറിയതോടെ പാലം ആരംഭിക്കുന്ന എസ്. എൻ. കോളേജ് ജങ്ഷനിൽ വാഹനങ്ങൾ തിരിയുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ കഴിഞ്ഞ ഏപ്രിലിൽ സാധ്യതാ പഠനം നടത്തിയിരുന്നു. ഓണത്തിനു മുൻപ് പണികൾ പൂർത്തീകരിച്ച് അപകടസാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുഴികൾ നിറഞ്ഞ് എസ്.എൻ. കോളേജ് റെയിൽവേ മേൽപ്പാലം
