തെന്മല | തെന്മല പഞ്ചായത്തിലെ ഇടമൺ മേഖലയിലെ ഗ്രാമീണ പാതകൾ തകർച്ചയിൽ.
ഇടമൺ 34-ൽനിന്ന് കനാൽ പാതയിലേക്കു പോകുന്ന റോഡ് സഞ്ചരിക്കാനാകാത്ത വിധം തകർന്നിട്ടുണ്ട്. ടാറിങ് പൂർണമായും ഇളകി, വലിയ കല്ലുകൾ നിരന്നുകിടക്കുന്ന പാതയിൽ രൂക്ഷമായ വെള്ളക്കെട്ടുമുണ്ട്.
കൊരുപ്പുകട്ടകൾ പാകിയ സ്ഥലത്തുമാത്രമാണ് യാത്ര കുറച്ചെങ്കിലും എളുപ്പം. പ്രദേശത്തെ സ്കൂളിലേക്കുള്ള യാത്രികരും നൂറുകണക്കിന് കുടുംബങ്ങളും ആശ്രയിക്കുന്ന പാതയാണിത്.
ഇടമൺ, വെള്ളിമല, ഉറുകുന്ന് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കനാൽപാതയും പൂർണമായും തകർന്നിട്ടുണ്ട്.
കനാൽപാതയുടെ ഇരുവശവും കാടുംമൂടിയതോടെ നാട്ടുകാർ ഇതുവഴി ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.
പാതയിലെ കുഴി ഒഴിവാക്കി പോകാൻ ശ്രമിച്ചാൽ പലപ്പോഴും കനാലിലേക്ക് വിഴാനും സാധ്യതയുണ്ട്. മഴക്കാലമായതിനാൽ കനാലിൽ കൂടുതൽ വെള്ളം കെട്ടിനിൽക്കുന്നതും അപകട ഭീഷണി ഉയർത്തുന്നു.
ജലസേചനവകുപ്പിനു കീഴിലുള്ള കനാൽ പാതയിൽ അറ്റകുറ്റപ്പണി നടത്താൻ തങ്ങൾക്കു സ്വന്തമായി ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ, സർക്കാർതലത്തിൽ സമ്മർദം ചെലുത്തി ഫണ്ട് അനുവദിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
കനാൽപാതയുടെ കുറച്ചുഭാഗം വർഷങ്ങൾക്കുമുൻപ് ടാറിങ് നടത്തിയിരുന്നു. ഈ ഭാഗവും ഇപ്പോൾ തകർച്ചയിലാണ്. രണ്ടുവർഷം മുൻപ്
പൂർണമായി ടാറിങ് നടത്തി വശങ്ങളിൽ കോൺക്രീറ്റ് ചെയ്ത, ഇടമൺ പവർഹൗസിൽനിന്ന് ആനപ്പെട്ടകോങ്കലിലേക്കു പോകുന്ന പാതയും തകർന്നു തുടങ്ങിയിട്ടുണ്ട്.
ഇറക്കവും അതിനൊപ്പം വളവും നിറഞ്ഞ പാതയിൽ ടാറിളകി കരിങ്കൽച്ചീളുകൾ നിരന്നു കിടക്കുകയാണ്. ഗ്രാമീണപാതകൾ നവീകരിക്കുന്നതിലെ പോരായ്മയാണ് അവസ്ഥയ്ക്കു കാരണമെന്ന് നാട്ടുകാർ പറയുന്നു.
ഇടമണ്ണിലെ ഗ്രാമീണപാതകൾ തകർച്ചയിൽ; ഗതാഗതം ദുഷ്‌കരം
