തെന്മല | കൊല്ലം-തിരുമംഗലം ദേശീയപാതയിലൂടെ പോകുന്ന ചില ചരക്കു ലോറികളിൽ അപകടകരമായി തൂക്കുന്ന കയറും ടയറിന്റെ വള്ളികളും ഭീഷണിയാകുന്നു. ചരക്കുലോറികളിൽ വാഹനത്തിന്റെ പിന്നിലും ടയറിന്റെ മുകൾഭാഗത്തുമാണ് ഇത്തരത്തിൽ കയറുൾപ്പെടെയുള്ളവ വള്ളികളാക്കി കെട്ടിത്തുക്കിയിട്ടിരിക്കുന്നത്.
വാഹനങ്ങൾ വേഗത്തിൽ പോകുമ്പോഴും വളവുകൾ തിരിയുമ്പോഴും ഇവ എതിരേ വരുന്ന വാഹനങ്ങളിൽ തട്ടുകയും തല നാരിഴയ്ക്ക് അപകടം ഒഴിവാകുകയും ചെയ്യുന്നു. ബൈക്ക് യാത്രികർക്കാണ് കൂടുതൽ ഭീഷണി. ബൈക്കിന്റെ ഏതെങ്കിലും ഭാഗത്ത് കയറുൾപ്പെടെ കുരങ്ങാനിടയായാൽ ലോറിക്കടിയിലേക്കാണ് വീഴുന്നത്. ടയറിലെ പൊടിപടലങ്ങൾ തെറിച്ചുപോകുന്നതിനും ആകർഷകമാക്കുന്നതിനുമാണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ. റോഡിനു വേണ്ടത്ര വീതിയില്ലാത്തതിനാൽ എതിരെ വരുന്നതും മറികടക്കുന്നതുമായ വാഹനങ്ങൾ ഇതിൽ കുരുങ്ങി അപകടത്തിൽപ്പെട്ടേക്കാം. ഇത്തരം വാഹനങ്ങൾ പിടികൂടി കേസെടുക്കാനും പിഴ ഈടാക്കാനും ബന്ധപ്പെട്ടവർ മുതിരുന്നില്ല.
ലോറികളിൽ തൂക്കുന്ന കയറും വള്ളികളും ഭീഷണിയാകുന്നു
